തൃശൂര്‍: കുന്നംകുളത്ത് ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം പിടിച്ചെടുത്തു. ജില്ലാ ഫുഡ് സേഫ്റ്റി വിഭാഗത്തിന്‍റെ നേതൃത്വത്തിൽ 'ഓപ്പറേഷൻ സാഗർ റാണി' എന്ന പേരിൽ മത്സ്യ മാര്‍ക്കറ്റുകളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടിച്ചെടുത്തത്.
'ഓപ്പറേഷൻ സാഗർ റാണി': ഫോര്‍മാലിന്‍ കലര്‍ത്തിയ മത്സ്യം പിടിച്ചെടുത്തു - FOOD SAFETY AUTHORITY RAID
പിടിച്ചെടുത്ത മത്സ്യം കുന്നംകുളം നഗരസഭക്ക് കൈമാറി. ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ പ്രത്യേക കുഴി നിര്‍മിച്ച് നശിപ്പിച്ചു.
കുന്നംകുളത്തെ തുറക്കുളം മാര്‍ക്കറ്റില്‍ ലോക് ഡൗണ്‍ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് മത്സ്യ ലേലവും മത്സ്യ വിപണനവും നടക്കുന്നുണ്ടെന്ന് നേരത്തെ തന്നെ ആരോപണമുണ്ടായിരുന്നു. ഒരാഴ്‌ച മുമ്പ് നഗരസഭ ആരോഗ്യവിഭാഗം ഇവിടെ നിന്നും പഴകിയ മത്സ്യങ്ങള്‍ പിടിച്ചെടുത്തിരുന്നു. മംഗളൂരുവില്‍ നിന്ന് എത്തിക്കുന്ന മത്സ്യമാണ് ഇവിടെ ലേലം ചെയ്‌ത് വിപണനം നടത്തിയിരുന്നത്. ഇതിനെതിരായ പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയത്. 48 വലിയ പെട്ടികളിലായി 1,440 കിലോയോളം മത്സ്യം ഫോര്‍മാലിനും ഐസും ഇട്ട് സൂക്ഷിച്ച നിലയിലായിരുന്നു.
ഫുഡ് ആന്‍ഡ് സേഫ്റ്റി ജില്ലാ ഓഫീസര്‍ കെ.കെ.അനിലന്‍, പി.ആര്‍.രാജി, ഫിഷറീസ് സബ് ഇന്‍സ്‌പെക്‌ടര്‍ പി.എ.ഫാത്തിമ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കൃത്യമായി രേഖയോ അനുബന്ധ പേപ്പറുകളോ ഇല്ലാതെയാണ് മത്സ്യം കുന്നംകുളത്ത് വിപണനത്തിനായി എത്തിച്ചതെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. പിടിച്ചെടുത്ത മത്സ്യങ്ങള്‍ കുന്നംകുളം നഗരസഭക്ക് കൈമാറി. ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഇവ കുറുക്കന്‍ പാറ ട്രഞ്ചിങ് ഗ്രൗണ്ടില്‍ പ്രത്യേക കുഴി നിര്‍മിച്ച് നശിപ്പിച്ചു. ശക്തൻ മാർക്കറ്റിൽ നടത്തിയ പരിശോധനയിൽ 100 കിലോ അഴുകിയ ചെമ്മീനും ജില്ലാ ഫുഡ് സേഫ്റ്റി വിഭാഗം പിടിച്ചെടുത്തു നശിപ്പിച്ചു.