തൃശൂർ: പ്രളയത്തെ വീടിനുള്ളിൽ കയറ്റാതെ 'ലോക്ക്' ആക്കാൻ പുതിയ സാങ്കേതിക വിദ്യയുമായി ചാലക്കുടിക്കാരൻ കൃഷ്‌ണകുമാർ. വീണ്ടുമൊരു പ്രളയ സാധ്യത നിലനിൽക്കെ നാശനഷ്‌ടങ്ങൾ കൂടാതെ വീടിനെ സംരക്ഷിക്കാൻ 'ഫ്ലഡ് ലോക്ക്' എന്ന സംവിധാനമാണ് ഫിറ്റ്‌നസ് ട്രെയിനറായ കൃഷ്‌ണകുമാർ വികസിപ്പിച്ചത്.
'പ്രളയത്തെ' വീട്ടിൽ കയറ്റാതെ ലോക്കാക്കാം.. 'ഫ്ലഡ് ലോക്കി'ലൂടെ
കഴിഞ്ഞ രണ്ട് വർഷമായി മലയാളികളുടെ വീട്ടിൽ വിളിക്കാതെ എത്തുന്ന അതിഥിയാണ് പ്രളയം. ലക്ഷകണക്കിന് രൂപയുടെ നാശനഷ്‌ടമുണ്ടാക്കുന്ന പ്രളയത്തെ അതിജീവിക്കാൻ നാം കഷ്‌ടപ്പെടുകയാണ്. ഈ സാഹചര്യത്തിൽ പ്രളയജലത്തെ വീടിനുള്ളിലേക്ക് കടത്താതെ സംരക്ഷിക്കാനുള്ള സംവിധാനത്തെയാണ് ചാലക്കുടി സ്വദേശി വികസിപ്പിക്കുന്നത്.
ജനലുകളും വാതിലുകളും വഴി പ്രളയജലം ഇരച്ചു കയറുമ്പോൾ ആയിരക്കണക്കിന് രൂപയുടെ നാശനഷ്‌ടമാണ് വർഷാവർഷം മലയാളി നേരിടുന്നത്. ഈ സാഹചര്യത്തിൽ വെള്ളം അകത്തു കയറ്റാതിരിക്കാൻ വാതിലുകളെ പ്രാപ്‌തമാക്കുന്നതാണ് കൃഷ്‌ണകുമാറിന്‍റെ ഫ്ലഡ് ലോക്ക്. ഇതിനായി സ്റ്റീൽ നിർമിതമായ വാതിലുകൾ വീടുകൾക്ക് ഘടിപ്പിക്കും. വീടുകളുടെ പുറത്തേയ്ക്ക് തുറക്കുന്ന പ്രധാന വാതിലുകളുടെയും ജനലുകളുടെയും പിന്നിലായാണ് ഇവ ഘടിപ്പിക്കുക. ഇതുവഴി വെള്ളം വീടിനകത്തേക്ക് കയറുന്നത് തടയാൻ വാതിലുകൾക്കാകും. ഇതിനോടൊപ്പം സെപ്റ്റിക് ടാങ്കുകളിലേക്കുള്ള പൈപ്പുകളിൽ വാൽവ് ഘടിപ്പിച്ച് ശുചിമുറിയിൽ മലിനജലം കയറുന്നത് തടയാനുള്ള സംവിധാനവും കൃഷ്‌ണകുമാർ വികസിപ്പിച്ചിട്ടുണ്ട്. ഫ്ലഡ് ലോക്ക് ഘടിപ്പിക്കുന്നത് മൂലം വീടിന്‍റെ ചുമരുകൾക്ക് ബലക്ഷയം ഉണ്ടാകില്ലെന്നും അദ്ദേഹം പറയുന്നു.
വീടിനോട് ചേർന്ന പറമ്പിൽ ഒറ്റമുറി തയ്യാറാക്കി, വാതിലിനും ജനലിനും ഫ്ലഡ് ലോക്ക് ഘടിപ്പിച്ച്, അകത്ത് വെള്ളം കെട്ടി നിർത്തിയാണ് കൃഷ്‌ണകുമാർ പുത്തൻ ആശയത്തെ പരിചയപ്പെടുത്തുന്നത്. പേറ്റന്‍റ് ലഭിച്ചതിന് ശേഷം വ്യാവസായിക അടിസ്ഥാനത്തിൽ നിർമിക്കുകയാണ് ലക്ഷ്യം.