തൃശൂര്‍ : തൃശൂർ നഗരത്തിൽ വൻ തീപിടിത്തം. കെഎസ്ആര്‍ടിസി റോഡിലെ മൂന്നുനില കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സൈക്കിൾ സ്‌റ്റോറിലാണ് അഗ്നിബാധയുണ്ടായത്. ലക്ഷങ്ങളുടെ നാശനഷ്‌ടമുണ്ടായിട്ടുണ്ട്. അഗ്നിരക്ഷാസേനയുടെ ഏഴ് യൂണിറ്റെത്തി ഒന്നര മണിക്കൂർ പരിശ്രമിച്ചാണ് തീയണച്ചത്.
തൃശൂര്‍ നഗരത്തിലെ മൂന്നുനില കെട്ടിടത്തില്‍ തീപിടിത്തം; ലക്ഷങ്ങളുടെ നാശനഷ്‌ടം
തൃശൂര്‍ കെഎസ്ആര്‍ടിസി റോഡിലെ മൂന്നുനില കെട്ടിടത്തില്‍ തീപിടിത്തമുണ്ടായതിനെ തുടര്‍ന്ന് ലക്ഷങ്ങളുടെ നാശനഷ്‌ടം, തീ അണച്ചത് അഗ്നിരക്ഷാസേനയുടെ ഏഴ് യൂണിറ്റെത്തി ഒന്നര മണിക്കൂർ പരിശ്രമിച്ച്
ഇന്ന് (05.10.2022) വൈകീട്ട് അഞ്ചരയോടെയാണ് ശക്തൻ ബസ് സ്‌റ്റാൻഡിന് സമീപത്തെ ചാക്കപ്പായ് സൈക്കിൾ സ്‌റ്റോറിൽ തീപിടിത്തമുണ്ടായത്. മൂന്നാം നിലയിലാണ് ആദ്യം തീ പടർന്നത്. ക്രമേണ താഴെയുള്ള നിലയിലേക്കും തീയാളി. അഗ്നിബാധയുടെ സമയത്ത് കടയിൽ ജീവനക്കാർ ഉണ്ടായിരുന്നുവെങ്കിലും തീ പടർന്നതോടെ ഇവർ രക്ഷപ്പെടുകയായിരുന്നു. ഇതോടെ വലിയ അപകടമൊഴിവായി.
തൃശൂരിൽ നിന്ന് നാലും, പുതുക്കാട്, വടക്കാഞ്ചേരി, ചാലക്കുടി എന്നിവിടങ്ങളില്‍ നിന്നും ഒരോ യൂണിറ്റ് വീതവും ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. അഞ്ചരയോടെയുണ്ടായ തീപിടിത്തം ഒന്നര മണിക്കൂര്‍ തുടര്‍ന്നു. ഇതിനിടെ അഗ്നിബാധ മൂലമുണ്ടായ പുക ശ്വസിച്ച് ദേഹാസ്വാസ്ഥ്യം കാരണം സമീപവാസിയായ വയോധികനെ ആശുപത്രിയിലേക്ക് മാറ്റി. അഗ്നിബാധയില്‍ രണ്ടും മൂന്നും നിലകള്‍ പൂര്‍ണമായും കത്തി. കുന്നംകുളം സ്വദേശികളുടേതാണ് കെട്ടിടം.