തൃശൂർ :നഗരത്തിലെ ഹോട്ടൽ മുറിയിൽ മൂന്നംഗ കുടുംബത്തെ മരിച്ച നിലയില്‍ കണ്ടെത്തി. ചെന്നൈ മടിപ്പാക്കം സ്വദേശികളായ സന്തോഷ് പീറ്റർ (51), ഭാര്യ സുനി പീറ്റർ (50), മകൾ ഐറിൻ (20) എന്നിവരാണ് മരിച്ചത്. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപമുള്ള മലബാർ ടവർ ലോഡ്ജിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവർക്ക് സാമ്പത്തിക പ്രശ്നങ്ങളുണ്ടെന്നാണ് പൊലീസ് നല്കുന്ന പ്രാഥമിക വിവരം. തൃപ്പൂണിത്തുറ സ്വദേശിയെന്നാണ് മരിച്ച സ്ത്രീയുടെ വിലാസത്തിലുള്ളത്.
ഇവര്‍ കുടുംബ സമേതം തൃപ്പൂണിത്തുറയിലെ ഫ്ലാറ്റില്‍ വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു. ഇക്കഴിഞ്ഞ നാലിന് രാത്രി 12 മണിയോടെയാണ് ഇവര്‍ തൃശൂരിലെത്തി ലോഡ്ജില്‍ മുറിയെടുക്കുന്നത്. ഏഴാം തിയതി രാത്രി പോകുമെന്നും ഹോട്ടല്‍ ജീവനക്കാരെ അറിയിച്ചിരുന്നു. എന്നാല്‍ പോകേണ്ട സമയം കഴിഞ്ഞിട്ടും ഇവർ മുറിയിൽ നിന്നും പുറത്തിറങ്ങാത്തതിനെ തുടര്‍ന്ന് ജീവനക്കാർ അന്വേഷിച്ചെത്തിയപ്പോൾ വാതിൽ അകത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ജീവനക്കാര്‍ മുറിയുടെ വാതിലില്‍ ഏറെ നേരം തട്ടിവിളിച്ചിട്ടും യാതൊരുവിധ പ്രതികരണമുണ്ടായില്ല.
ഇതോടെ ജീവനക്കാര്‍ തൃശൂര്‍ ഈസ്റ്റ് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ബലം പ്രയോഗിച്ച് വാതിൽ തുറന്നപ്പോഴാണ് മൂവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. സന്തോഷ് പീറ്ററെയും ഭാര്യ സുനിയെയും മുറിക്കകത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയ്. മകളുടെ മൃതദേഹം ബാത്ത് റൂമിലും കണ്ടെത്തി.
ഈസ്റ്റ് പൊലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. ഇവരുടെ സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചും മരണ കാരണത്തെ കുറിച്ചും അന്വേഷണം നടത്തുമെന്നാണ് പൊലീസ് നല്കുന്ന വിവരം. അതേസമയം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്ക് ശേഷമേ മരണ കാരണം സംബന്ധിച്ച് കൂടുതല്‍ വ്യക്തത വരൂവെന്നും പൊലീസ് വ്യക്തമാക്കി.