തൃശൂർ:അവണൂർ കൊലപാത കേസിൽ പ്രതി മയൂര നാഥനെ തെളിവെടുപ്പിനായി വീട്ടിലെത്തിച്ച് പൊലീസ്. അവണൂർ സ്വദേശിയായ ശശീന്ദ്രന്‍റെ (57) കൊലപാതത്തിൽ മകൻ മയൂര നാഥന്‍ ഇന്നലെയാണ് (മാര്‍ച്ച് മൂന്ന്) അറസ്റ്റിലായത്. കടലക്കറിയിൽ വിഷം കലർത്തി കൊല്ലുകയായിരുന്നെന്ന് പ്രതിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷം പൊലീസ് ഇന്നലെ സ്ഥിരീകരിച്ചിരുന്നു.
ഇന്ന് രാവിലെ മെഡിക്കൽ കോളജ് പൊലീസ് സ്റ്റേഷനിലെത്തിച്ച പ്രതിയെ ഉച്ചയ്‌ക്ക് ഒന്നരയോടെയാണ് വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തിയത്. അന്വേഷണം പുരോഗമിക്കുകയാണെന്നും പ്രതിയെ വടക്കാഞ്ചേരി കോടതിയിൽ ഹാജരാക്കുമെന്നും എസിപി സജീവന്‍ മാധ്യമങ്ങളെ അറിയിച്ചു. അച്ഛനോടും രണ്ടാനമ്മയോടുമുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പ്രതി പൊലീസിന് മൊഴി നല്‍കിയത്.
വിഷം നിര്‍മിച്ചത് മയൂര നാഥന്‍ തന്നെ..!:ഏപ്രില്‍ രണ്ടിന് തൃശൂര്‍ മെഡിക്കൽ കോളജ് ആശുപത്രിയില്‍ വച്ചാണ് ശശീന്ദ്രൻ മരിച്ചത്. എടക്കുളത്തുള്ള വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിനെ തുടർന്നാണ് ശശീന്ദ്രൻ അവശ നിലയിലായത്. ഇഡ്ഡലിയും കടലക്കറിയുമാണ് കഴിച്ചിരുന്നത്. ഇതേ ഭക്ഷണം കഴിച്ച ശശീന്ദ്രന്‍റെ അമ്മയേയും ഭാര്യയേയും വീട്ടിലെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളേയും സമാനമായ ലക്ഷണങ്ങളെ തുടർന്ന് ആശുപത്രിയിലെത്തിച്ചു.
മൂവരും തീവ്രപരിചരണ വിഭാഗത്തിൽ നിരീക്ഷണത്തിലായിരുന്നു. ചികിത്സയിലിരിക്കുന്ന മറ്റ് നാലുപേരുടേയും അപകട നില തരണം ചെയ്‌തുവെന്നാണ് സൂചന. ആയുർവേദ ഡോക്‌ടറായ മയൂര നാഥന്‍ ഓൺലൈനിൽ രാസവസ്‌തുക്കൾ വാങ്ങി വിഷം സ്വയം നിർമിക്കുകയായിരുന്നു. വീട്ടിൽ മറ്റുള്ളവരെല്ലാം ഭക്ഷണം കഴിച്ചിട്ടും പ്രതി കഴിക്കാതിരുന്നത് പൊലീസിന് സംശയത്തിനിടയാക്കുകയായിരുന്നു.