തൃശൂര്‍:ഗുരുവായൂര്‍ ആനത്താവളത്തില്‍ ആനയുടെ ആക്രമണത്തില്‍ പാപ്പാന്‍ മരിച്ചു. ഒറ്റക്കൊമ്പന്‍ ചന്ദ്രശേഖരന്‍റെ ആക്രമണത്തില്‍ രണ്ടാം പാപ്പാന്‍ രതീഷാണ് മരിച്ചത്. സ്വഭാവ ദൂഷ്യത്തിന്‍റെ പേരിൽ 28 വര്‍ഷമായി ഗുരുവായൂരിലെ ആനക്കോട്ടയിലെ ചങ്ങലക്കുരുക്കില്‍ തളച്ചിട്ടിരിക്കുകയായിരുന്ന ചന്ദ്രശേഖരനെ കഴിഞ്ഞ ദിവസമാണ് അഴിച്ച് ക്ഷേത്രത്തിൽ എത്തിച്ചത്.
ബുധനാഴ്‌ച ഉച്ചക്ക് 2.30 ഓടെയായിരുന്നു സംഭവം. കെട്ടു തറയിൽ തളച്ചിരുന്ന കൊമ്പൻ ചന്ദ്രശേഖരന്‍റെ പുറം വൃത്തിയാക്കുന്നതിനായി രതീഷ് പിന്നിലൂടെ ആനയുടെ പുറത്ത് കയറുമ്പോൾ തുമ്പികൈ കൊണ്ട് പാപ്പാനെ എടുത്ത് തറയിലിട്ട് കുത്തുകയായിരുന്നു. പിന്നീട് ചവിട്ടുകയും മസ്‌തകം കൊണ്ട് ഞെരിച്ച ശേഷം എടുത്ത് എറിയുകയായിരുന്നു. അക്രമത്തിൽ ഗുരുതര പരിക്കേറ്റ പാപ്പാനെ മറ്റു പാപ്പാന്മാർ ചേര്‍ന്ന് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം ഒന്നാം പാപ്പാൻ അവധിയായിരുന്നതിനാലാണ് രതീഷ് ചുമതലയിലുണ്ടായിരുന്നത്.