തൃശൂര്‍: കർക്കിടക പുലരി തൃശൂരിലെ ആനപ്രേമികൾക്ക് ആവേശത്തിന്‍റെ ദിനമാണ്. കഴിഞ്ഞ 37 വർഷമായി തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ആനയൂട്ടോടെയാണ് കർക്കിടകം പിറക്കാറുള്ളതെങ്കിൽ ഇത്തവണ മസ്തകത്തിൽ കളഭം ചാർത്തിയെത്തുന്ന കരിവീരച്ചന്തം കണികാണാതെയാകും ആനപ്രേമികളുടെ കർക്കിടകമെത്തിയത്. കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി ആനയൂട്ട് ചടങ്ങ് മാത്രമായാണ് നടത്തിയത്. മുൻവർഷങ്ങളിൽ ദൂരദേശങ്ങളിൽ നിന്നുപോലും ആനപ്രേമികൾ എത്താറുണ്ടെങ്കിലും ഇത്തവണ കാണികളെ ഒഴിവാക്കിയാണ് ആനയൂട്ട് നടത്തിയത്. കൊച്ചിൻ ദേവസ്വം ബോർഡ് ഉടമസ്ഥതയിലുള്ള എറണാകുളം ശിവകുമാറിനാണ് ആനയൂട്ടിന് അവസരം ലഭിച്ചത്. 108 നാളികേരം കൊണ്ട് അഷ്ട ദ്രവ്യ മഹാഗണപതി ഹോമം നടത്തി. കൊച്ചിൻ ദേവസ്വം ബോർഡിന്‍റെ ഏറ്റവും വലിയ ആനയായ ശിവകുമാറിന് ക്ഷേത്രം മേൽശാന്തി ചെറുമുക്ക് ശ്രീരാജ് നാരായൺ ആദ്യ ഉരുള നൽകി.
തൃശൂരുകാര്‍ക്ക് ഇത്തവണത്തെ കർക്കിടകം കരിവീരച്ചന്തം കാണാതെ
ഇത്തവണ കാണികളെ ഒഴിവാക്കിയാണ് ആനയൂട്ട് നടത്തിയത്.
ഔഷധമരുന്നുകൾ ചേർത്ത ചോറുരുള, തണ്ണിമത്തൻ, കരിമ്പ്, പൈനാപ്പിൾ തുടങ്ങിയ 5 ഓളം പഴങ്ങൾ എന്നിവയാണ് ആനക്ക് നൽകിയത്. കൊച്ചിൻ ദേവസ്വം ബോർഡിലെ ആനകൾക്ക് 30 ദിവസത്തെ സുഖചികിത്സക്കും ഇന്ന് തുടക്കമാവുകയാണ്. കേരളത്തിലെമ്പാടുമുള്ള ആനപ്രേമികൾക്ക് ആവേശമായ വടക്കുന്നാഥ ക്ഷേത്രാങ്കണത്തിൽ കർക്കിടകപുലരയിൽ നടത്തുന്ന ആനയൂട്ടിൽ നൂറോളം ആനകൾ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി എത്താറുണ്ട്. ആനച്ചമയങ്ങളണിയാതെ ആനകളെ കണ്‍നിറയെ കാണാനുള്ള അപൂർവ അവസരം കൂടിയാണ് ആനയൂട്ട്. കുളിച്ച് കുറിതൊട്ട് തലയെടുപ്പോടെ തൃശൂർ വടക്കുന്നാഥ ക്ഷേത്ര മതിൽകെട്ടിനകത്ത് തെക്കേഗോപുരനടയ്ക്കരികിലായി നൂറോളം ആനകൾ നിരന്നുനിൽക്കുന്ന കാഴ്ച കർക്കിടക കണിയായി കഴിഞ്ഞ 37 വർഷമായി തൃശൂർ പതിവായി കാണുന്നതാണ്. കൊവിഡ് കൊണ്ടുപോയ തൃശൂരിന്‍റെ ആഘോഷങ്ങളിലേക്ക് ആനകളുടെ നിരയും ആനപ്രേമികളുടെ ആരവവും ഇല്ലാത്ത ഇത്തവണത്തെ ആനയൂട്ടിനേയും ചേർത്തുവെക്കാം.