തൃശൂർ: ചാലക്കുടി - വാൽപ്പാറ റോഡില്‍ വീണ്ടും ഒറ്റയാന്‍റെ വിളയാട്ടം. മദപ്പാടിലുള്ള ഒറ്റയാന്‍ അമ്പലപ്പാറ മുതല്‍ ആനക്കയം വരെ എട്ട് കിലോ മീറ്ററിലേറെ ദൂരം വാഹനങ്ങള്‍ തടഞ്ഞിട്ടു. മുന്നോട്ട് നടക്കുന്നതിനിടെ പിന്നിലൂടെ വന്ന കെഎസ്‌ആര്‍ടിസി ബസ് ആക്രമിക്കാന്‍ ചിന്നം വിളിച്ച് ആന ഓടിയെത്തി ബസില്‍ തൊട്ടെങ്കിലും പിന്നീട് ആക്രമിക്കാതെ പിറകിലേക്ക് പോയി.
ചൊവ്വാഴ്‌ച അമ്പലപ്പാറയില്‍ നിന്ന് തുടങ്ങിയ തടയല്‍ എട്ട് കിലോമീറ്ററകലെ ആനക്കയത്തിന് സമീപമാണ് അവസാനിച്ചത്. ആനക്കയത്ത് വച്ച് ആന കാട്ടിലേക്ക് കയറിപ്പോയപ്പോഴാണ് വാഹനങ്ങള്‍ക്ക് യാത്ര തുടരാനായത്. സ്വകാര്യ ബസടക്കം വാഹനങ്ങള്‍ എട്ട് കിലോ മീറ്ററിലേറെ ദൂരം പിറകോട്ടെടുത്തു. വീതി വളരെ കുറവുള്ള വളവുകളും തിരിവുകളും കൂടുതലുള്ള കാനന പാതയില്‍ വാഹനങ്ങള്‍ പിറകോട്ടെടുക്കുന്നത് ഏറെ ശ്രമകരമായിരുന്നു.