തൃശൂര്‍: ഗുരുവായൂരില്‍ വിവാഹ ഫോട്ടോഷൂട്ടിനിടെ നവദമ്പതികള്‍ക്ക് പിന്നില്‍ ആന ഇടഞ്ഞു. ആന പാപ്പാനെ തൂക്കിയെറിഞ്ഞെങ്കിലും അത്‌ഭുതകരമായി രക്ഷപ്പെട്ടു. ഈ മാസം പത്തിന് നടന്ന സംഭവത്തിന്‍റെ ദൃശ്യം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്.
വിവാഹ ഫോട്ടോഷൂട്ടിനിടെ നവദമ്പതികള്‍ക്ക് പിന്നില്‍ ആന ഇടഞ്ഞു പാലക്കാട് സ്വദേശി നിഖിലിന്‍റെയും ഗുരുവായൂര്‍ സ്വദേശി അഞ്ജലിയുടെയും വിവാഹ ഫോട്ടോഷൂട്ടിനിടയിലാണ് സംഭവം. താലി കെട്ടിന് ശേഷം ക്ഷേത്രത്തിന്‍റെ വലത് വശത്തുള്ള നടഭാഗത്തായിരുന്നു ഫോട്ടോ ഷൂട്ട്. ഇതിനിടയിൽ ക്ഷേത്രത്തിൽ ശീവേലി എഴുന്നെള്ളിപ്പിനെത്തിച്ച ആനയെ കൊണ്ട് പോകുന്നത് രസകരമായി തോന്നിയതോടെ ദൃശ്യങ്ങൾ പകർത്തുകയായിരുന്നു ഇവര്‍.
വരനും വധുവിനും തൊട്ട് പിന്നിലെത്തിയ ആന പെട്ടെന്ന് തിരിഞ്ഞ് ഒന്നാം പാപ്പാനെ ആക്രമിച്ചു. പാപ്പാനെ തുമ്പിക്കൈയിലെടുത്ത് ഉയർത്തിയെങ്കിലും പിടിത്തം മുണ്ടിലായതിനാൽ ഉടുതുണി ഊരി താഴെ വീണു. ഉടന്‍ പാപ്പാൻ ഒഴിഞ്ഞു മാറിയതിനാൽ തലനാരിഴക്ക് രക്ഷപ്പെട്ടു.
ഇതിനിടയിൽ തോട്ടി ഉപയോഗിച്ച് ആനപ്പുറത്തുണ്ടായിരുന്ന പാപ്പാൻ ആനയെ നിയന്ത്രണത്തിലാക്കി. ക്ഷേത്രത്തിലെത്തിയവരെ ഒന്നടങ്കം ഭീതിയിലാക്കിയ സംഭവം കോഴിക്കോട് വെഡിങ് മോയിറ്റോയിലെ വീഡിയോ ഗ്രാഫർ ജെറി ആണ് പകർത്തിയത്. ആനയിടഞ്ഞത് അറിഞ്ഞില്ലെന്നും ഭയന്ന് പോയെന്നും നിഖിലും അഞ്‌ജലിയും പറയുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്.