തൃശൂര്‍:ഗുരുവായൂരപ്പന് വഴിപാടായി സ്വർണ കിരീടം സമർപ്പിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍റെ ഭാര്യ ദുർഗ്ഗ. പതിനാല് ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന സ്വർണ കിരീടമാണ് സമർപ്പിച്ചത്. ശിവജ്ഞാനം എന്ന കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയാണ് ഇതിനുള്ള ഒരുക്കങ്ങൾ നടത്തിയത്.
32 പവൻ തൂക്കം വരുന്നതാണ് ഈ സ്വർണ കിരീടം. കിരീടത്തിനൊപ്പം ചന്ദനം അരക്കുന്ന മെഷീനും സമർപ്പിച്ചു. രണ്ട് ലക്ഷം രൂപ വിലവരുന്നതാണ് ഈ മെഷീൻ. ആര്‍.എം എഞ്ചിനീയറിങ് ഉടമയും തൃശൂര്‍ സ്വദേശിയുമായ കെ.എം രവീന്ദ്രനാണ് ഈ മെഷീന്‍ തയ്യാറാക്കിയത്.
വ്യാഴാഴ്‌ച (ഓഗസ്റ്റ് 10) ഉച്ച പൂജ നേരത്ത് 11.35 ഓടെയാണ് മുഖ്യമന്ത്രി എംകെ സ്റ്റാലിനും ഭാര്യ ദുര്‍ഗ്ഗയും ക്ഷേത്രത്തിൽ എത്തിയത്. തുടര്‍ന്ന് കിരീടം സമര്‍പ്പിക്കുകയായിരുന്നു. നേരത്തെ തന്നെ കിരീടം തയ്യാറാക്കുന്നതിനുള്ള അളവ് ക്ഷേത്രത്തിലെത്തി ശേഖരിച്ചിരുന്നു. ദുർഗ്ഗ സ്റ്റാലിൻ നേരത്തെ പലതവണ ക്ഷേത്ര ദർശനം നടത്തിയിട്ടുണ്ട്.
ക്ഷേത്രത്തിലേക്ക് സംഭാവനയുമായി മുസ്‌ലിം ദമ്പതികള്‍: ആന്ധ്രപ്രദേശിലെ തിരുപ്പതി തിരുമല ക്ഷേത്രത്തിലേക്ക് 1.02 കോടി രൂപ സംഭാവന ചെയ്‌ത മുസ്‌ലിം ദമ്പതികളെ കുറിച്ച് കഴിഞ്ഞ സെപ്‌റ്റംബറില്‍ വാര്‍ത്ത പുറത്ത് വന്നിരുന്നു. ചെന്നൈ സ്വദേശികളായ അബ്‌ദുല്‍ ഗനിയ ഭാര്യ നുബിന ബാനുവുമാണ് ഇത്രയും വലിയ തുക ക്ഷേത്രത്തിന് സംഭാവന നല്‍കിയത്. ക്ഷേത്രത്തിലെത്തിയ ദമ്പതികള്‍ ടിടിഡി എക്‌സിക്യൂട്ടീവ് ഓഫിസര്‍ക്ക് ചെക്ക് കൈമാറുകയായിരുന്നു.
ദമ്പതികള്‍ കൈമാറിയ തുകയില്‍ 15 ലക്ഷത്തോളം രൂപ ക്ഷേത്രത്തിലെ അന്നദാനത്തിനായി നല്‍കും. 87 ലക്ഷം രൂപ ചെലവഴിക്കുക ക്ഷേത്രത്തിലെ അടുക്കളയിലേക്ക് ഫര്‍ണിച്ചര്‍ അടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങാനായി. കൊവിഡ് മഹാമാരി പോലുള്ള വിപത്തുകള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ക്ഷേത്രവും പരിസരവും അണുവിമുക്തമാക്കുന്നതിനുള്ള മള്‍ട്ടി ഡൈമന്‍ഷണല്‍ ട്രാക്‌ര്‍ ഘടിപ്പിച്ചിട്ടുള്ള സ്‌പ്രേയറും ദമ്പതികള്‍ ക്ഷേത്രത്തിന് നേരത്തെ കൈമാറിയിട്ടുണ്ട്. ഇതുകൂടാതെ ക്ഷേത്രത്തില്‍ അന്നദാനം നടത്തുന്നതിന് അടുക്കളയിലേക്ക് പച്ചക്കറിയെത്തിക്കുന്നതിനുള്ള റഫ്രിജറേറ്റര്‍ ട്രക്കിനായി 35 ലക്ഷം രൂപയും കുടുംബം നല്‍കിയിരുന്നു.
ഷിര്‍ദി ക്ഷേത്രത്തിലേക്ക് ഭക്തന്‍റെ സ്വര്‍ണ ഓടക്കുഴല്‍: മഹാരാഷ്‌ട്ര ഷിര്‍ദിയിലെ സായി ബാബയുടെ സമാധി ക്ഷേത്രത്തിലേക്ക് സ്വര്‍ണ പുല്ലാങ്കുഴല്‍ നല്‍കി ഭക്തന്‍. ഡല്‍ഹി സ്വദേശിയായ ഋഷഭ് ലോഹ്യയും കുടുംബവുമാണ് ഓടക്കുഴല്‍ നല്‍കിയത്. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഓടക്കുഴലാണ് കുടുംബം സംഭാവനയായി നല്‍കിയത്. ഷിര്‍ദി ബാബയെ കൃഷ്‌ണാവതാരമായി കാണുന്ന കുടുംബം കഴിഞ്ഞ ഓഗസ്റ്റിലാണ് ഓടക്കുഴല്‍ കൈമാറിയത്.
also read:video: തിരുപ്പതി ബാലാജിക്ക് 2.45 കോടി രൂപയുടെ സ്വർണാഭരണങ്ങൾ സംഭാവന ചെയ്‌ത് ചെന്നൈ സ്വദേശിനി