തൃശൂര്‍:എഴുത്തുകാരി സാറാ ജോസഫിന്‍റെ മരുമകൻ പികെ ശ്രീനിവാസന് 20 ലക്ഷം രൂപ നഷ്‌ടമായതായി പരാതി. കാനറ ബാങ്കിന്‍റെ വെസ്റ്റ് പാലസ് ബ്രാഞ്ചിലെ അക്കൗണ്ടിൽ നിന്നാണ് പണം നഷ്‌ടമായത്. ബിഎസ്എൻഎല്ലിൽ നിന്നും വ്യാജ രേഖകൾ ഹാജരാക്കി നേടിയ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ്. ഈ മാസം 19ന് അഞ്ച് തവണകളായാണ് ശ്രീനിവാസന്‍റെ ഓഫീസ് അക്കൗണ്ടിൽ നിന്നാണ് 20, 25,000 രൂപ പിൻവലിച്ചത്.
വ്യാജ സിം കാര്‍ഡ് ഉപയോഗിച്ച് തട്ടിപ്പ്; സാറാ ജോസഫിന്‍റെ മരുമകൻ പികെ ശ്രീനിവാസന് 20 ലക്ഷം രൂപ നഷ്‌ടമായി - crime latest news
ബിഎസ്എൻഎല്ലിൽ നിന്നും വ്യാജ രേഖകൾ ഹാജരാക്കി നേടിയ ഡ്യൂപ്ലിക്കേറ്റ് സിം കാർഡ് ഉപയോഗിച്ചാണ് തട്ടിപ്പ്.
സംഭവത്തിൽ ആര്‍ക്കിടെക്‌ടായ പികെ ശ്രീനിവാസൻ സൈബർ സെല്ലിലും ബാങ്ക് അധികൃതർക്കും പരാതി നൽകിയിട്ടുണ്ട്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ പണം പശ്ചിമബംഗാളിലെ അക്കൗണ്ടിലേക്കാണ് മാറ്റിയതെന്ന് കണ്ടെത്തി. ശ്രീനിവാസന്‍റെ സിം കാർഡിന്‍റെ ഡ്യൂപ്ലിക്കേറ്റ് ആലുവയിലെ ബിഎസ്എൻഎൽ ഓഫീസിൽ നിന്നും ആധാർ രേഖകളും മറ്റൊരാളുടെ ഫോട്ടോയും സഹിതം നൽകിയാണ് തട്ടിപ്പുകാർ സംഘടിപ്പിച്ചത്. ഈ സിംകാർഡ് ഉപയോഗിച്ച് ഒടിപി സംഘടിപ്പിച്ചാണ് പണം അക്കൗണ്ടിൽ നിന്നും പിൻവലിച്ചത്.
ഓഫീസിൽ നിന്നും വിളിച്ചുപറയുമ്പോൾ മാത്രമാണ് ശ്രീനിവാസൻ തട്ടിപ്പ് വിവരമറിഞ്ഞത്. തന്‍റെ ഫോണിലേക്ക് ഇതുസംബന്ധിച്ച് മെസേജുകളൊന്നും വന്നിട്ടില്ലെന്നും ശ്രീനിവാസൻ പറഞ്ഞു. സംഭവത്തിൽ ബാങ്കിന്‍റെ ഭാഗത്തുനിന്നും കടുത്ത വീഴ്‌ച സംഭവിച്ചുവെന്നും, പരാതി പറഞ്ഞിട്ടും ബാങ്ക് അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായത് തണുത്ത പ്രതികരണമാണെന്നും സാറാ ജോസഫ് വ്യക്തമാക്കി.