തൃശൂർ: കളിപ്പാട്ടത്തിനിടയിൽ ഒളിപ്പിച്ച് ബ്രിട്ടനില്‍ നിന്ന് പാഴ്‌സലായി എത്തിച്ച കാല്‍ കിലോ മയക്കുമരുന്ന് തൃശൂർ കൊടുങ്ങല്ലൂരിൽ എക്‌സൈസ് പിടികൂടി. മാരക മയക്കുമരുന്നായ മരിജുവാനയാണ് പോസ്റ്റലായി എത്തിച്ചത്. ലോകമലേശ്വരം സ്വദേശി ജാസിമിന്‍റെ പേരിലെത്തിയ മയക്കുമരുന്നാണ് എക്സൈസ് പിടികൂടിയത്.
പോസ്റ്റ് ഓഫീസുകൾ വഴി പാഴ്‌സലായി മയക്കുമരുന്ന് എത്തുന്നു എന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ സംശയകരമായി എത്തുന്ന പാഴ്‌സലുകളെ കുറിച്ച് വിവരം നൽകാൻ എക്സൈസ് പോസ്റ്റൽ വകുപ്പിനോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് കൊടുങ്ങല്ലൂർ ലോകമലേശ്വരം സ്വദേശി ജാസിമിന് വന്ന പാഴ്‌സലിനെ കുറിച്ച് വിവരം നൽകിയത്. ബ്രിട്ടനിൽ നിന്ന് കളിപ്പാട്ടം പാഴ്‌സലായി എത്തിയത് തുറന്ന് പരിശോധിച്ചു.
സൗത്ത് ആഫ്രിക്കയിൽ നിന്നും മറ്റും ബ്രിട്ടനിലെത്തുന്ന മുന്തിയ ഇനം മരിജുവാനയാണ് വിദഗ്‌ധമായി പാക്ക് ചെയ്‌ത് പാഴ്‌സലായി അയച്ചത്. കഞ്ചാവിനേക്കാൾ പതിന്മടങ്ങ് ലഹരി നൽകുന്ന മരിജുവാന 250 ഗ്രാമാണ് പിടികൂടിയത്. ഇതിന് വിപണിയിൽ 2ലക്ഷം രൂപയോളം വിലവരുമെന്നാണ് വിലയിരുത്തൽ.