തൃശൂർ: രാവിലെ ഹാൻസ് വിൽപനക്ക് പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയാൾ ചാരായം വാറ്റിയ കേസിൽ വൈകീട്ട് പിടിയില്‍. തൃശൂര്‍ എൽതുരുത്ത് സ്വദേശി മിൽജോ ആണ് ഒരേ ദിവസം രണ്ട് കേസില്‍ പൊലീസിന്‍റെ പിടിയിലായത്. വ്യാഴാഴ്‌ച രാവിലെ തൃശൂർ വെസ്റ്റ് പൊലീസ് സര്‍ക്കിള്‍ ഇൻസ്പെക്‌ടർ സലീഷിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പുകയില ഉൽപന്നങ്ങൾ കണ്ടെടുത്തത്. മിൽജോയുടെ തറവാട് വീട്ടിലെ ശുചിമുറിയുടെ സമീപത്ത് നിന്ന് വീര്യം കൂടിയ 50 പാക്കറ്റ് പുകയില വസ്‌തുക്കളായിരുന്നു പിടികൂടിയത്. സംഭവത്തിൽ വ്യാഴാഴ്‌ച രാവിലെ തന്നെ പ്രതിയെ അറസ്റ്റ് ചെയ്യുകയും രണ്ടാൾ ജാമ്യത്തിൽ വിട്ടയക്കുകയും ചെയ്‌തു.
രാവിലെ ഹാൻസ് വിൽപന, വൈകീട്ട് ചാരായം വാറ്റ്; പ്രതി റിമാൻഡിൽ - പുകയില ഉൽപന്നങ്ങൾ
പുകയില ഉൽപന്നങ്ങളുമായി രാവിലെ പിടികൂടിയ പ്രതി ജാമ്യത്തിൽ ഇറങ്ങിയതിന് ശേഷം വൈകിട്ട് വാറ്റ് കേസിൽ വീണ്ടും അറസ്റ്റിലാകുകയായിരുന്നു.
പിന്നീട് വെസ്റ്റ് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.സി. ബൈജു ഒളരി ഭാഗത്ത് പട്രോളിങ്ങ് നടത്തുന്നതിനിടെ അസ്വാഭാവിക സാഹചര്യത്തിൽ മിൽജോയെ കണ്ടു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ച മിൽജോയെ പിടികൂടി വീണ്ടും ചോദ്യം ചെയ്‌തപ്പോഴാണ് ചേറ്റുപുഴയില്‍ ഫ്ലാറ്റ് വാടകക്കെടുത്ത് വാറ്റ് നടത്തുന്നത് സംബന്ധിച്ച വിവരം ലഭിച്ചത്. തുടർന്ന് ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ വാഷും വാറ്റുപകരണങ്ങളും പൊലീസ് കണ്ടെടുത്തു. ചാരായം വാറ്റിയ കേസില്‍ വീണ്ടും അറസ്റ്റ് ചെയ്ത മില്‍ജോയെ കോടതി റിമാൻഡ് ചെയ്‌തു.