തൃശൂർ: തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർഥികൾ വോട്ട് അഭ്യർഥിച്ച് വീടുകയറുമ്പോൾ തങ്ങളുടെ ചിഹ്നം പലകുറി ഓർമിപ്പിക്കാറുണ്ട്. എന്നാൽ തങ്ങളുടെ ചിഹ്നമായ ചെണ്ടയുടെ അകമ്പടിയോടെയാണ് തൃശൂരിലെ സ്ഥാനാർഥി വോട്ട് പിടിക്കാനിറങ്ങുന്നത്. തൃശൂർ വേലൂർ ഗ്രാമ പഞ്ചായത്തിലെ സ്ഥാനാർഥിയായ എൽസി ഔസേപ്പാണ് പ്രചാരണം തരംഗമാക്കുന്നത്.
പൂരത്തിന്‍റെ നാട്ടിൽ തെരഞ്ഞെടുപ്പിന് ചെണ്ടയും പ്രചാരണായുധം
ചെണ്ട ചിഹ്നത്തിൽ സ്വാതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന എൽസി ഔസേപ്പാണ് പ്രചാരണം തരംഗമാക്കുന്നത്
തൃശൂരിലെ വെള്ളാറ്റഞ്ഞൂർ ഗ്രാമത്തില്‍ ഇപ്പോള്‍ എവിടെയെങ്കിലും ചെണ്ട കൊട്ട് കേട്ടാല്‍ ഉറപ്പിക്കാം അത് വേലൂർ ഗ്രാമപഞ്ചായത്തിലെ 13 ആം വാർഡ് സ്ഥാനാർഥി എൽസി ഔസേപ്പിന്‍റെ പ്രചാരണമാണെന്ന്. ചെണ്ട ചിഹ്നത്തിൽ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാർഥി എൽസി ഔസേപ്പ് അതുകൊണ്ടു തന്നെ ചെണ്ട കൊട്ടിന്‍റെ അകമ്പടിയോടെയാണ് വോട്ട് അഭ്യർഥിച്ച് വീടുകയറുന്നത്. പൂരത്തിന്‍റെയും പുലികളിയുടെയും നാടായ തൃശൂരിൽ ചെണ്ട പെരുക്കം കേട്ടതോടെ പ്രായഭേദമന്യേയാണ് പ്രചരണം കാണാൻ ആളു കൂടുന്നത്.
വോട്ടഭ്യർഥനയ്ക്ക് ശേഷം ചിഹ്നത്തെ കുറിച്ച് സ്ഥാനാർഥി ഓർമിപ്പിക്കേണ്ട കാര്യവുമില്ല. കോൺഗ്രസ് പ്രവർത്തകയായ എൽസിക്ക് ജില്ലാ നേതൃത്വം സീറ്റ് നിഷേധിച്ചതോടെയാണ് കൈപ്പത്തിക്ക് റിബലായി ചെണ്ടയുമായി മത്സര രംഗത്ത് ഇറങ്ങിയത്. കോൺഗ്രസ് കടവല്ലൂർ ബ്ലോക്ക് സെക്രട്ടറി പി.എൻ അനിലും സീറ്റ് നൽകാത്ത ജില്ലാ നേതൃത്വവുമായി ഇടഞ്ഞ് സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്നുണ്ട്. ചെണ്ട ചിഹ്നം ലഭിച്ച അനിലും പ്രചാരണത്തിൽ ചെണ്ട ഉപയോഗിക്കുന്നുണ്ട്. ഈ ചെണ്ടകൊട്ടി പ്രചരണം തെരഞ്ഞെടുപ്പില്‍ എതിർ സ്ഥാനാർഥികൾക്ക് കൊട്ടാകുമോയെന്ന് കണ്ടറിയാം.