തൃശൂർ:അങ്കണവാടിയിലെ വാട്ടർ ടാങ്കിൽ ചത്ത എലിയുടെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ചേലക്കര പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ 4-ാം വാർഡിലെ തൊഴുപ്പാടം 28-ാം നമ്പർ അങ്കണവാടിയിലെ വാട്ടർ ടാങ്കിലാണ് ചത്ത എലിയുടെയും, പുഴുകളുടെയും അവശിഷ്‌ടങ്ങൾ കണ്ടെത്തിയത്. ഈ വാട്ടർ ടാങ്കിൽ നിന്നുള്ള വെള്ളമാണ് കുട്ടികൾക്ക് കുടിക്കാൻ നൽകിയിരുന്നത്.
സ്വാതന്ത്ര്യ ദിനാഘോഷത്തിന്‍റെ ഭാഗമായി ഇന്ന്(15.08.2022) രാവിലെ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും അങ്കണവാടിയിൽ എത്തിയപ്പോഴാണ് വാട്ടർ ടാങ്കിനുള്ളിൽ എലിയുടെയും, പുഴുകളുടെയും അവശിഷ്‌ടങ്ങൾ കാണുന്നത്. കൂടാതെ അങ്കണവാടിയിൽ അടുക്കളയിൽ സ്ഥാപിച്ചിരിക്കുന്ന വാട്ടർ പ്യൂരിഫയറിനുള്ളിൽ ചത്ത പല്ലിയെയും കണ്ടെത്തി. വാട്ടർ ടാങ്ക് മാസങ്ങളോളമായി വൃത്തിയാക്കാതെ കിടക്കുന്ന അവസ്ഥയിലാണ്.