തൃശൂർ: അന്തരിച്ച അഭിനയ വിസ്‌മയം നടി കെ.പി.എ.സി ലളിതയ്‌ക്ക് സാംസ്‌കാരിക കേരളത്തിന്‍റെ അന്ത്യാഞ്ജലി. തൃശൂരിലെ കേരള സംഗീത നാടക അക്കാദമി റീജ്യണല്‍ തിയേറ്ററിലും, വടക്കാഞ്ചേരി നഗരസഭാ ആസ്ഥാനത്തും പൊതുദർശനത്തിന് വച്ച മൃതദേഹത്തിൽ സമൂഹത്തിന്‍റെ നാനാ തുറകളിലുള്ള ആയിരങ്ങളാണ് അന്ത്യാഞ്ജ ലിയർപ്പിക്കാനെത്തിയത്. വടക്കാഞ്ചേരിയിലെ പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടത്തി.
കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കൂടിയായ കെ.പി.എ.സി ലളിതയുടെ ഭൗതിക ശരീരം രണ്ട് മണിയോടെയാണ് റീജ്യണല്‍ തിയേറ്ററില്‍ എത്തിച്ചത്. വിലാപയാത്ര എത്തും മുൻപ് തന്നെ അക്കാദമി അങ്കണവും പരിസരവും ആൾക്കൂട്ടത്താൽ നിറഞ്ഞിരുന്നു. കലക്‌ടർ ഹരിത വി. കുമാർ സംസ്ഥാന സര്‍ക്കാരിന് വേണ്ടി പുഷ്‌പചക്രം സമര്‍പ്പിച്ചു.
തൃശൂര്‍ മേയർ എം.കെ വർഗീസ്, ടി.എന്‍ പ്രതാപന്‍ എം.പി, ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ ഡേവിസ്, ഇന്നസെൻ്റ്, സത്യൻ അന്തിക്കാട്, ജയരാജ് വാര്യർ, വി.എസ് സുനിൽകുമാർ, സേവ്യർ ചിറ്റിലപ്പിള്ളി, കെ.പി രാജേന്ദ്രൻ, എം.കെ കണ്ണൻ, പി.ടി കുഞ്ഞിമുഹമ്മദ്, സ്‌ഫടികം ജോർജ്, ടിനി ടോം, വിദ്യാധരൻ മാസ്റ്റര്‍, വൈശാഖൻ, ഐ.എം വിജയൻ, അശോകൻ ചരുവിൽ തുടങ്ങിയവരും വിവിധ അക്കാദമി പ്രതിനിധികൾ, രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ എന്നിവരും അന്ത്യാഞ്ജലി അർപ്പിച്ചു. ഇവിടത്തെ പൊതുദര്‍ശനത്തിന് ശേഷം മൂന്ന് മണിയോടെ ഭൗതിക ശരീരവുമായി വടക്കാഞ്ചേരിയിലേക്ക് തിരിച്ചു.