തൃശൂര്‍: ഇടത് മുന്നണി സമവാക്യങ്ങള്‍ക്ക് വിരുദ്ധമായി തൃശൂരില്‍ സിപിഐയും സിപിഐഎമ്മും നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍ ചേര്‍പ്പ് പാറളം പഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡിലാണ് സിപിഐയും സിപിഎമ്മും പ്രത്യേകം സ്ഥാനാര്‍ത്ഥികളുമായി രംഗത്തുള്ളത്. സിപിഐ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെയും സിപിഎം സ്വതന്ത്രനെയും നിര്‍ത്തി.
നാട്ടങ്കത്തില്‍ സിപിഎമ്മും സിപിഐയും നേര്‍ക്കുനേര്‍; പാറളം ശ്രദ്ധാകേന്ദ്രമാകുന്നു - paralam election news
തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ പാറളം പഞ്ചായത്തിലെ 11ാം വാര്‍ഡിലാണ് സിപിഐയും സിപിഎമ്മും പ്രത്യേകം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കി ജനവിധി തേടുന്നത്
പ്രാദേശിക തലത്തില്‍ ഉടലെടുത്ത അഭിപ്രായ ഭിന്നതയാണ് തെരഞ്ഞെടുപ്പ് പോരില്‍ കലാശിച്ചത്. സിപിഐ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായ സുബിത സുഭാഷിനെ നിര്‍ത്തുമ്പോള്‍ കഴിഞ്ഞ തവണ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച് ജയിച്ച രജനി ഹരിഹരനെയാണ് സിപിഎം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി രംഗത്തിറക്കുന്നത്. കഴിഞ്ഞ തെരഞ്ഞെടുപ്പോടെയാണ് ചേനത്ത് സിപിഐയും സിപിഐഎമ്മും തമ്മില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുന്നത്.
1963 മുതല്‍ സിപിഐയുടെ ഉറച്ച് സീറ്റായ ചേനത്ത് കഴിഞ്ഞ തവണ തെരഞ്ഞെടുപ്പ് ചരിത്രം തിരുത്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രജനി വിജയിക്കുകയും സിപിഐ സ്ഥാനാര്‍ത്ഥി ആദ്യമായി തോല്‍ക്കുകയും ചെയ്തു. രണ്ട് വര്‍ഷത്തിന് ശേഷം രജനി സിപിഐഎമ്മില്‍ ചേര്‍ന്നു. വര്‍ഷങ്ങളായി സിപിഐ മത്സരിക്കുന്ന വാര്‍ഡില്‍ ഇത്തവണ സിപിഎം അവകാശ വാദം ഉന്നയിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമാകുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട എല്‍ഡിഎഫ് യോഗത്തിലും തര്‍ക്കം പരിഹരിക്കാന്‍ കഴിഞ്ഞില്ല. സീറ്റില്‍ ധാരണയാകാത്തതിനാല്‍ ഇരുവരും പ്രത്യേകം മത്സരിക്കട്ടെയെന്ന് നേതൃയോഗത്തില്‍ തീരുമാനം എടുക്കുകയായിരുന്നു. വര്‍ഷങ്ങളായി തങ്ങളെ കൈവിടാത്ത ചേനത്തെ ജനങ്ങളുടെ പിന്തുണ ഉറപ്പാണെന്ന് സിപിഐ അവകാശപ്പെടുന്നു.
നേതൃത്വം നിര്‍ദേശിച്ചത് പോലെ ഇടത് മുന്നണിക്ക് കോട്ടം തട്ടാത്ത രീതിയില്‍ സൗഹൃദ മത്സരമാകുമെന്നും കഴിഞ്ഞ തവണത്തെ പോലെ ജനം തനിക്കൊപ്പം നില്‍ക്കുമെന്ന പ്രതീക്ഷയുണ്ടെന്നും സിപിഎം സ്ഥാനാര്‍ത്ഥി രജനി ഹരിഹരന്‍ പറയുന്നു.മുതിര്‍ന്ന നേതാക്കളെ പ്രചരണത്തിനിറക്കേണ്ട എന്ന തീരുമാനം നേതൃത്വം എടുത്തതായാണ് സൂചന. വനിത സംവരണമുള്ള വാര്‍ഡില്‍ നിന്ന് സിപിഐയുടെയും, സിപിഎമ്മിന്‍റേതുമടക്കം അഞ്ച് സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്.