തൃശൂർ: സിപിഐ ലോക്കല്‍ സെക്രട്ടറിക്ക് സിപിഎം ലോക്കല്‍ കമ്മിറ്റിയംഗത്തിന്‍റെ ഭീഷണി. സിപിഐ ലോക്കല്‍ സെക്രട്ടറി വി കെ ചന്ദ്രനെ, സിപിഎം ലോക്കല്‍ കമ്മിറ്റിയംഗം കെ ഐ മഹേഷ് ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. സിപിഎം പ്രവര്‍ത്തകര്‍ സിപിഐയില്‍ ചേര്‍ന്നതിനെ തുടർന്ന് മഹേഷ് ഭീഷണി മുഴക്കിയെന്നാണ് ആരോപണം. മഹേഷ് ചന്ദ്രനെ ഭീഷണിപ്പെടുത്തുന്ന ശബ്‌ദരേഖയും പുറത്തുവന്നു.
തൃശൂര്‍ ചാവക്കാട് ഒരുമനയൂരിലാണ് സംഭവം. മുന്‍ ബ്രാഞ്ച് സെക്രട്ടറിയും ഏതാനും പാര്‍ട്ടി അംഗങ്ങളുമാണ് സിപിഐയില്‍ ചേര്‍ന്നത്. 'സിപിഎം പ്രവര്‍ത്തകരെ അടര്‍ത്തിക്കൊണ്ടുപോയാല്‍ നിനക്ക് ആപത്താണ്. ഇനി ഇങ്ങനെ ഉണ്ടായാല്‍ നിന്‍റെ വീട്ടില്‍ കയറി പറയേണ്ടി വരും. കേസ് കൊടുത്താല്‍ രോമം കൊഴിഞ്ഞുപോകില്ല. അടിച്ച് നിന്‍റെ തണ്ടെല്ല് മുറിക്കും എന്നൊക്ക മഹേഷ് ഭീഷണിപ്പെടുത്തിയതായാണ് പരാതി. നിന്നെ അടിച്ചിട്ടേ ജയിലില്‍ പോകൂ എന്നും നമുക്ക് അടിച്ചിട്ട് തന്നെ കാണാം എന്നും ഇയാൾ ഭീഷണി മുഴക്കുന്നതും ശബ്‌ദസന്ദേശത്തിലുണ്ട്.