തൃശ്ശൂർ: രാജ്യത്ത് കൊറോണ വൈറസ് ആദ്യം സ്ഥിരീകരിച്ച തൃശൂർ ജില്ലയിൽ ഭീതി ഒഴിയുന്നു. ജില്ലയില്‍ കൊറോണ സ്ഥിരീകരിച്ച വിദ്യാർഥി ഉൾപ്പെടെ 10 പേർ മാത്രമാണ് ഇപ്പോൾ ആശുപത്രികളിൽ നിരീക്ഷണത്തിൽ കഴിയുന്നത്. ജില്ലയിൽ നിന്നും 76 സാമ്പിളുകൾ പരിശോധനക്കായി അയച്ചു. ഇവയില്‍ 70 എണ്ണത്തിന്‍റെയും ഫലം ലഭിച്ചു. ഇതില്‍ നിലവില്‍ രോഗം സ്ഥിരീകരിച്ച വിദ്യാർഥിക്ക് ഒഴികെ മറ്റാർക്കും വൈറസ് ബാധയില്ല. രോഗം ബാധിച്ച് മെഡിക്കൽ കോളജിൽ കഴിയുന്ന വിദ്യാർഥിയുടെ ആരോഗ്യ നില തൃപ്‌തികരമായി തുടരുകയാണ്.
കൊറോണ വൈറസ്; തൃശ്ശൂരില്‍ ഭീതി ഒഴിയുന്നു
കൊറോണ ബാധയെ തുടർന്ന് തൃശ്ശൂർ ജില്ലയിലെ ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 14 പേരെ ഡിസ്‌ചാർജ് ചെയ്‌തു
ഇന്ന് രണ്ട് പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 14 പേരെയാണ് ഡിസ്‌ചാർജ് ചെയ്‌തത്. മെഡിക്കൽ കോളജിൽ നിന്ന് ഏഴ് പേരെയും ജില്ലാ ആശുപത്രിയിൽ നിന്ന് ഏഴ് പേരെയുമാണ് വീടുകളിലേക്ക് അയച്ചത്. അതേസമയം വീടുകളിൽ ഇപ്പോഴും 253 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. ഇന്ന് പുതുതായി ഒരു സാമ്പിൾ പരിശോധനക്ക് അയച്ചു. രോഗം നിയന്ത്രണ വിധേയമാണെങ്കിലും സർക്കാർ-സ്വകാര്യ ആശുപത്രികളിൽ 191 ഐസൊലേഷൻ വാർഡുകൾ ഇപ്പോഴും സജ്ജമാണ്. ആരോഗ്യ വകുപ്പിന്‍റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ബോധവത്ക്കരണ പ്രവർത്തനങ്ങളും പരിശീലന പരിപാടികളും തുടരും. ഇതര സംസ്ഥാന തൊഴിലാളികൾക്കായി വിവിധ ഭാഷകളിലുള്ള പ്രചരണ സാമഗ്രികൾ പുറത്തിറക്കിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെ വിപുലമായ പ്രചരണ പരിപാടികൾ നടത്തുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചിട്ടുണ്ട്.