തൃശൂർ :കൂനൂർ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച മലയാളി സെെനികനും ജൂനിയർ വാറണ്ട് ഓഫിസറുമായ എ. പ്രദീപ് കുമാറിന്‍റെ ഭൗതിക ശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. പ്രദീപ് പഠിച്ച പുത്തൂർ സ്കൂളിൽ പൊതുദർശനത്തിന് വച്ച ശേഷം മൃതദേഹം പൊന്നൂക്കരയിലെ വീട്ടിലെത്തിച്ചു. തുടർന്ന് സൈനിക ബഹുമതികളോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി.
READ MORE:വിലാപയാത്ര തൃശൂരിലേക്ക്; ധീര സൈനികന് അന്ത്യാഞ്ജലി അര്‍പ്പിക്കാൻ ജന്മനാട്
ദുരന്തത്തിന്‍റെ ഞെട്ടലിൽ നിന്നും ഇനിയും കരകയറിയിട്ടില്ല പ്രദീപിന്‍റെ ജന്മനാടായ പൊന്നൂക്കര. സൈനികന്‍റെ ഭൗതിക ശരീരം കാണുന്നതിനും അന്തിമോപചാരം അർപ്പിക്കുന്നതിനുമായി വൻ ജനാവലിയാണ് വീട്ടിൽ തടിച്ചുകൂടിയത്. പ്രദീപിന്‍റെ ഭാര്യ ലക്ഷ്‌മിയും മക്കളും കഴിഞ്ഞ ദിവസം കോയമ്പത്തൂരിൽ നിന്നും പൊന്നൂക്കരയിലെ വീട്ടിൽ എത്തിയിരുന്നു. നിരവധി രാഷ്ട്രീയ പ്രമുഖരും അന്ത്യാഞ്ജലി അർപ്പിക്കുന്നതിനായി പുത്തൂർ സ്കൂളിൽ എത്തി.
കോയമ്പത്തൂരിലെ സുലൂരില്‍ നിന്ന് റോഡ് മാര്‍ഗമാണ് പ്രദീപിന്‍റെ മൃതദേഹം നാട്ടിലെത്തിച്ചത്. കേന്ദ്രമന്ത്രി വി മുരളീധരനും ടിഎൻ പ്രതാപൻ എം.പിയും മൃതദേഹത്തെ അനുഗമിച്ചെത്തിയിരുന്നു. വാളയാറില്‍ നിന്ന് തൃശൂരിലേക്കുള്ള വിലാപയാത്രയിലും നൂറുകണക്കിനാളുകള്‍ അണിചേര്‍ന്നു. മന്ത്രിമാരായ കെ രാജന്‍, കെ രാധാകൃഷ്ണന്‍, കെ കൃഷ്ണന്‍കുട്ടി എന്നിവര്‍ ചേര്‍ന്നാണ് മൃതദേഹം വാളയാറിലെത്തി ഏറ്റുവാങ്ങിയത്.
രണ്ടാഴ്ച മുന്‍പ്, അച്ഛന് സുഖമില്ലാത്തതിനാല്‍ പ്രദീപ് നാട്ടിലെത്തിയിരുന്നു. തുടര്‍ന്ന് മടങ്ങുകയും ചെയ്‌തു. രോഗിയായ അച്ഛൻ വെന്‍റിലേറ്ററിൽ ചികിത്സയിലാണ്. അമ്മയെ നേരത്തെ തന്നെ വിവരം അറിയിച്ചിരുന്നു. അതേസമയം പ്രദീപിന്‍റെ വീട്ടുകാർക്ക് സർക്കാർ എല്ലാവിധ സഹായങ്ങളും ലഭ്യമാക്കുമെന്ന് മന്ത്രി കെ രാധാകൃഷ്‌ണന്‍ അറിയിച്ചു.