തൃശ്ശൂർ: കൊവിഡ് വ്യാപനം എല്ലാ മേഖലയിലും രൂക്ഷമായി ബാധിച്ചപ്പോൾ ജയിലുകളിലെ അന്തേവാസികളും ആശങ്കയിലായിരുന്നു. ജയിലുകളിലെ സന്ദർശനത്തിന് നിയന്ത്രണം ഏർപ്പെടുത്തിയത് തടവുകാരെ മാനസികമായി സമ്മർദ്ദത്തിലാക്കി. ഈ സാഹചര്യത്തിലാണ് സംസ്ഥാനത്തെ ജയിലുകളിൽ തടവുകാർക്ക് കുടുംബാംഗങ്ങളുമായി വീഡിയോ കോൾ നടത്താനുള്ള സൗകര്യമൊരുക്കാൻ ജയില്‍ വകുപ്പ് തീരുമാനിച്ചത്. സന്ദർശകരെ ഒഴിവാക്കുന്നതിന്‍റെ ഭാഗമായി ഏറ്റവുമടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളുമായി തടവുകാർക്ക് വീഡിയോ കോൾ നടത്താം. നേരിട്ട് സന്ദർശിക്കാൻ കഴിയാത്തവരും ഇതര സംസ്ഥാനക്കാരുമായ നാലുപേർ കഴിഞ്ഞ ദിവസം തൃശ്ശൂർ വിയ്യൂർ ജയിലിൽ വാട്‌സ്‌ആപ്പ് വീഡിയോ കോൾ വഴി വീട്ടുകാരുമായി സംസാരിച്ചു.
തടവുകാർക്ക് ആശ്വാസം: ബന്ധുക്കളെ വീഡിയോ കോളില്‍ കാണാം - covid spread
കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ ജയിലുകളിൽ സന്ദർശകരെ ഒഴിവാക്കുന്നതിന്‍റെ ഭാഗമായാണ് ഏറ്റവുമടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളുമായി തടവുകാർക്ക് വീഡിയോ കോൾ നടത്താനുള്ള സൗകര്യം ഒരുക്കിയത്.
ലോക്ക് ഡൗൺ മൂലം ജയിലിൽ സന്ദർശന നിയന്ത്രണം ഏർപ്പെടുത്തിയതിനാല്‍ അന്തേവാസികൾക്ക് കുടുംബത്തെ കണ്ട് സംസാരിക്കാൻ കഴിയുന്നത് മാനസിക സംഘർഷം കുറക്കാൻ സഹായിക്കുമെന്ന് ജയിൽ സൂപ്രണ്ട് പറഞ്ഞു. ലോക്ക് ഡൗണിൽ ജയിൽ നടപടികൾ കൂടുതലും ഓൺലൈനാക്കി മാറ്റിയിരുന്നു. കോടതിയിൽ ഹാജരാകുന്നത് ഒഴിവാക്കി വീഡിയോ കോൺഫറൻസ് ആക്കി, ഇതിനുപുറമേ ഇ-സഞ്ജീവനി പോർട്ടലിലൂടെ തടവുകാർക്ക് ഡോക്‌ടറുടെ ചികിത്സ ലഭ്യമാക്കുന്നുണ്ട്. പദ്ധതി ജയിൽ അന്തേവാസികൾക്ക് ആശ്വാസമായതോടെ വിപുലമായ രീതിയിൽ നടപ്പിലാക്കാനൊരുങ്ങുകയാണ് ജയിൽ അധികൃതർ.