തൃശൂർ :തൃശൂർ നഗരത്തിൽ പട്ടാപ്പകല്‍ അന്തർ സംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം. ഒരാൾക്ക് വെട്ടേറ്റു. തൃശൂർ പോസ്റ്റ് ഓഫീസ് റോഡിൽ ഇന്ന് രാവിലെ 11.30ഓടെയാണ് ആക്രമണമുണ്ടായത്. വെട്ടിയതിന് ശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ കോർപ്പറേഷൻ ഓഫിസ് പരിസരത്ത് നിന്ന് പിടികൂടി.
തമിഴ്‌നാട് സ്വദേശിയായ കാളിമുത്തുവിനാണ് (60) വെട്ടേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് കോലാര്‍ സ്വദേശി ഖാസിം ബെയ്‌ഗനെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. പോസ്റ്റ് ഓഫീസ് റോഡിനടുത്തുള്ള 'വോൾഗാ' ബാറിന് മുന്നിൽ വച്ചായിരുന്നു ആക്രമണം. യാതൊരു പ്രകോപനവുമില്ലാതെ കാളിമുത്തുവിനെ ഖാസിം ബെയ്‌ഗ് വെട്ടുകയായിരുന്നു എന്ന് ദൃക്‌സാക്ഷികൾ പറയുന്നു.
ബാറിന് മുന്നിലെ കടയിലെ കരിക്ക് വെട്ടുന്ന കത്തിയെടുത്താണ് ഇയാൾ കാളിമുത്തുവിനെ വെട്ടിയത്. കഴുത്തിലും തലയ്ക്ക് പുറകിലും വെട്ടേറ്റ കാളിമുത്തുവിനെ തൃശൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. കാളിമുത്തുവിന്‍റെ പരിക്ക് ഗുരുതരമല്ലെന്നാണ് വിവരം.
കാളിമുത്തുവിന് പഴയ പേപ്പര്‍ പെറുക്കി വില്‍ക്കുന്ന ജോലിയാണ്. സംഭവത്തിന് ശേഷം ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ കോർപറേഷൻ പരിസരത്ത് വച്ച് കാളിമുത്തുവിന്‍റെ മകനും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനും ചേർന്നാണ് പിടികൂടിയത്.
ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു : കാസർകോട് മഞ്ചേശ്വരത്ത് ജ്യേഷ്ഠൻ അനുജനെ കുത്തിക്കൊന്നു. മഞ്ചേശ്വരം കളായിയിലെ പ്രഭാകര നൊണ്ട (40) ആണ് കൊല്ലപ്പെട്ടത്. സഹോദരൻ ജയറാം നൊണ്ടയാണ് ഇയാളെ കൊലപ്പെടുത്തിയത്. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.