തൃശൂർ: കൊവിഡ് ഭീതിയില്‍ ലോകം വിറങ്ങലിച്ചു നില്‍ക്കുമ്പോൾ ഭക്ഷണവും മരുന്നും ലഭിക്കാതെ ആയിരങ്ങളാണ് ലോകത്തിന്‍റെ പലഭാഗത്തും ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പക്ഷേ കൊവിഡിന് മുന്നില്‍ കീഴടങ്ങാതെ ആരും പട്ടിണികിടക്കാതിരിക്കാൻ വേണ്ടതെല്ലാം ചെയ്യുമെന്നാണ് കേരളത്തിന്‍റെ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത്. അതിന്‍റെ ഭാഗമായി കേരളത്തിലെ എല്ലാ പഞ്ചായത്തിലും സാമൂഹിക അടുക്കളകളും ആരംഭിച്ചു. പക്ഷേ തൃശൂർ ജില്ലയിലെ വരന്തരപ്പിള്ളി പഞ്ചായത്തിൻ്റെ കമ്മ്യൂണിറ്റി കിച്ചൺ വ്യത്യസ്തമാണ്. പള്ളിക്കുന്ന് സ്വദേശി തോമസാണ് പഞ്ചായത്തിലെ സാമൂഹിക അടുക്കളയിലേക്ക് ആവശ്യമായ എല്ലാ വസ്തുക്കളും നല്‍കുന്നത്. ദിവസവും 700ഓളം പേർക്കാണ് തോമസിന്‍റെ നേതൃത്വത്തില്‍ ഭക്ഷണം നൽകുന്നത്. ലോക്‌ഡൗൺ അവസാനിക്കുന്നതുവരെ അടുക്കളയിലേക്കാവശ്യമായ എല്ലാ ഭക്ഷ്യവസ്തുക്കളും സൗജന്യമായി നൽകാൻ തോമസ് തയ്യാറായതോടെയാണ് കമ്മ്യൂണിറ്റി കിച്ചൺ സജീവമായത്.
മനസറിഞ്ഞ് തോമസ്; വരന്തരപ്പള്ളിയില്‍ ആരും പട്ടിണി കിടക്കില്ല
പലവ്യഞ്ജനങ്ങളും, പച്ചക്കറിയും, പാകം ചെയ്യുന്നതിനുള്ള വിറകും ഗ്യാസും തുടങ്ങി ഭക്ഷണം വീടുകളിൽ വിതരണം ചെയ്യുന്നതിനുള്ള പാത്രങ്ങൾ വരെ തോമസ് നൽകുന്നു.
പലവ്യഞ്ജനങ്ങളും പച്ചക്കറിയും പാകം ചെയ്യുന്നതിനുള്ള വിറകും ഗ്യാസും തുടങ്ങി ഭക്ഷണം വീടുകളിൽ വിതരണം ചെയ്യുന്നതിനുള്ള പാത്രങ്ങൾ വരെ തോമസാണ് നൽകുന്നത്. ആറ് ദിവസം മുൻപാണ് പഞ്ചായത്തിൽ അടുക്കള ആരംഭിച്ചത്. ആദ്യ ദിവസം നൂറിൽ താഴെ ആളുകൾക്കാണ് ഭക്ഷണം നൽകിയിരുന്നത്. വെള്ളിയാഴ്‌ച ആയപ്പോൾ ഭക്ഷണം നൽകിയവരുടെ എണ്ണം 700 കടന്നു.
ഇവർക്കെല്ലാം രണ്ട് നേരത്തേക്കുള്ള ഭക്ഷണമാണ് ഉച്ചക്ക് എത്തിക്കുന്നത്. ഇനിയും എത്ര പേർ വന്നാലും അവർക്കെല്ലാം ഭക്ഷണം എത്തിച്ചു നൽകണമെന്നാണ് പഞ്ചായത്ത് അധികൃതരോട് തോമസ് പറയുന്നു. ഇതിനായി മറ്റൊരിടത്തു നിന്നും സഹായം തേടണ്ടതില്ലെന്നും തോമസ് പറയുന്നു. 22 വാർഡുകളുള്ള പഞ്ചായത്തിൽ 100ഓളം വോളണ്ടിയർമാരെ നിർത്തിയാണ് ഭക്ഷണം എത്തിക്കുന്നത്.