തൃശൂർ: ഗ്രാഫിക് ഡിസൈനിങ് സ്ഥാപനം നടത്തുന്ന അയ്യന്തോൾ സ്വദേശി രാജേഷിന് ലോക്ക് ഡൗണായതോടെ എല്ലാവരേയും പോലെ സ്ഥാപനം അടച്ചിടേണ്ടി വന്നു. ലോക്ക് ഡൗണിന്റെ തുടക്കത്തിൽ വീട്ടിലിരുന്ന് ഡിസൈനിങ് വർക്കുകൾ ചെയ്തിരുന്നുവെങ്കിലും പിന്നീടതെല്ലാം നിലച്ചു. ഇനിയെന്ത് എന്ന ചിന്തയിൽ നിന്നാണ് ചിരട്ടകൊണ്ടുള്ള ഫാൻസി ആഭരണങ്ങൾ എന്ന ആശയം രാജേഷിനുണ്ടാകുന്നത്. തൃശൂർ ഫൈൻ ആർട്സ് കോളജിലെ പൂർവ വിദ്യാർഥിയായ രാജേഷ് വൈകാതെ തന്റെ ആശയത്തിന് നിറം കൊടുത്തു. ഏറെ ക്ഷമയോടും അതിലേറെ സൂക്ഷ്മതയോടും കൂടി മാത്രമേ ചിരട്ടയിൽ നിന്ന് ഫാൻസി ആഭരണങ്ങൾ നിർമിക്കാനാകൂവെന്ന് രാജേഷ് പറയുന്നു.
ചിരട്ടയിൽ അഴകിന്റെ കാഴ്ചയൊരുക്കി രാജേഷ് - തൃശൂർ
നേരമ്പോക്കിന് തുടങ്ങിയ പ്രവൃത്തി രാജേഷിന് ലോക്ക്ഡൗൺ കാലത്ത് ജീവിത മാർഗമാകുകയാണ്.
വലിപ്പമുള്ളതും മൂപ്പേറിയതുമായ കട്ടിയുള്ള ചിരട്ടയിലാണ് പണികൾ.പേപ്പറിലും പിന്നെ മനസിലും ഡിസൈൻ വരയ്ക്കും. ചിരട്ട വെള്ളത്തിലിട്ട് കുതിർത്തും ഉണക്കിയുമൊക്കെയാണ് അതിൽ നിന്ന് മാലകളും കമ്മലുമൊക്കെ രൂപപ്പെടുത്തുന്നത്.ചിലപ്പോൾ എല്ലാ പണികളും കഴിഞ്ഞ് ഫിനിഷിംഗ് ടച്ചിലായിരിക്കും ചിരട്ട പൊട്ടുക. അതോടെ അതുപേക്ഷിക്കുകയേ വഴിയുള്ളു. ചിരട്ട ആഭരണങ്ങളിൽ മ്യൂറൽ പെയിന്റിംഗിന്റെ വർണഭംഗി കൂടി രാജേഷ് പരീക്ഷിക്കുന്നുണ്ട്. ഒരു മാലയുണ്ടാക്കാൻ ചുരുങ്ങിയത് നാലു ദിവസം വേണം. വാട്സാപ്പ് ഗ്രൂപ്പുകളിലും മറ്റും രാജേഷ് തന്റെ കലാവിരുത് പോസ്റ്റു ചെയ്തപ്പോൾ പലരും ആഭരണങ്ങൾ തേടിയെത്തുന്നുണ്ട്. നേരമ്പോക്കിന് തുടങ്ങിയ പ്രവൃത്തി രാജേഷിന് ലോക്ക്ഡൗൺ കാലത്ത് ജീവിത മാർഗമാകുകയാണ്.