തൃശൂർ : സിവിൽ സർവീസ് പരീക്ഷയിൽ റാങ്ക് നേട്ടത്തിൽ ഇരിങ്ങാലക്കുട സ്വദേശി അഖിൽ.വി.മേനോൻ. 66-ാം റാങ്ക് നേടിയാണ് അഖിൽ നാടിന്‍റെ അഭിമാനമുയർത്തിയത്. റാങ്ക് പ്രഖ്യാപിക്കുമ്പോൾ ആലപ്പുഴയിലായിരുന്ന അഖിൽ രാത്രിയോടെയാണ് ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയത്. മധുരം നൽകിയും ആശ്ലേഷിച്ചും ബന്ധുക്കൾ സന്തോഷം പങ്കിട്ടു.
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ നിന്നും സ്‌കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ അഖിൽ പ്ലസ് ടു പഠനത്തിന് ശേഷം എറണാകുളത്തെ നിയമ കലാശാലയിൽ നിന്നും എൽ.എൽ.ബി ബിരുദം നേടി. തുടർന്നായിരുന്നു സിവിൽ സർവീസ് ശ്രമം. മൂന്നാം ശ്രമത്തിലാണ് സിവിൽ സർവീസ് അഖിലിന്‍റെ കൈപ്പിടിയിലൊതുങ്ങിയത്.
സിവിൽ സർവീസ് പരീക്ഷയിൽ അഭിമാനനേട്ടം സ്വന്തമാക്കി ഇരിങ്ങാലക്കുട സ്വദേശി അഖിൽ Also Read: രണ്ടാം ശ്രമത്തിൽ സിവിൽ സർവീസ് നേടി അഫ്‌നാനും ആതിരയും
2019ലാണ് ആദ്യമായി അഖിൽ സിവിൽ സർവീസ് എഴുതുന്നത്. രണ്ട് തവണയും പ്രിലിമിനറിയിൽ തന്നെ പരാജയപ്പെട്ടിരുന്നു. കഴിഞ്ഞ വർഷം കെ.എ.എസ് പരീക്ഷയിൽ ആറാം റാങ്ക് ലഭിച്ചിരുന്നു. അതിന്‍റെ പരിശീലനത്തിനിടയിലാണ് അഖിൽ സിവിൽ സർവീസ് പരീക്ഷ എഴുതിയത്.
ഇരിങ്ങാലക്കുട സ്വദേശി വിപിന്‍ മേനോന്‍റെയും നാഷണല്‍ ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക ബിന്ദുവിന്‍റെയും മകനാണ്. സഹോദരി അശ്വതി കാട്ടൂര്‍ സൗത്ത് ഇന്ത്യന്‍ ബാങ്ക് മാനേജര്‍ ആണ്. മുന്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ സി. ഭാനുമതി ടീച്ചറുടെ മകളുടെ മകനാണ്.