തൃശൂര്‍: പൊതുപരിപാടികൾ നടത്തരുതെന്ന സർക്കാർ നിർദേശം ലംഘിച്ച് സിഐടിയു യോഗം സംഘടിപ്പിച്ചു. തൃശൂർ സാഹിത്യ അക്കാദമിയിൽ സിഐടിയു ജില്ലാ കൗൺസിൽ യോഗത്തില്‍ പങ്കെടുക്കാന്‍ 200ഓളം ആളുകളാണ് എത്തിച്ചേര്‍ന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ജില്ലാ കലക്‌ടര്‍ എസ്.ഷാനവാസ് സിഐടിയു ജില്ലാ നേതൃത്വത്തോട് യോഗം നിർത്തിവെക്കാൻ ആവശ്യപ്പെട്ടെങ്കിലും യോഗം തുടരുകയായിരുന്നു.
സർക്കാർ നിർദേശം ലംഘിച്ച് തൃശൂരില്‍ സിഐടിയു യോഗം - സിഐടിയു ജില്ലാ സെക്രട്ടറി യു.പി.ജോസഫ്
കോവിഡ് 19ന്‍റെ പശ്ചാത്തലത്തില്‍ പൊതുപരിപാടികൾ നടത്തരുതെന്ന സർക്കാർ നിർദേശം നിലനിൽക്കെയാണ് ഭരണ മുന്നണിയിലെ തൊഴിലാളി സംഘടനായ സിഐടിയു യോഗം സംഘടിപ്പിച്ചത്

കോവിഡ് 19 രോഗബാധ പ്രതിരോധത്തിന്‍റെ ഭാഗമായി പൊതുപരിപാടികൾ നടത്തരുതെന്ന സർക്കാർ നിർദേശം നിലനിൽക്കെയാണ് ഭരണ മുന്നണിയിലെ തൊഴിലാളി സംഘടനായ സിഐടിയു തൃശൂർ സാഹിത്യ അക്കാദമിയിൽ യോഗം സംഘടിപ്പിച്ചത്. സിഐടിയു മുൻ ജില്ലാ സെക്രട്ടറിയായിരുന്ന സി.ഒ.പൗലോസിന്‍റെ അനുസ്‌മരണ പരിപാടിയാണ് അക്കാദമി ഹാളിൽ സംഘടിപ്പിച്ചത്. മുൻകരുതൽ സ്വീകരിച്ചാണ് യോഗം നടത്തുന്നതെന്നും ഇത്തരം സമ്മേളനങ്ങൾ നടത്തരുതെന്ന അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും സിഐടിയു ജില്ലാ സെക്രട്ടറി യു.പി.ജോസഫ് പറഞ്ഞു. ഇത്തരം വാർത്തകൾ നൽകി മാധ്യമപ്രവർത്തകർ അടക്കമുള്ളവർ പരിഭ്രാന്തി സൃഷ്‌ടിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു.