തൃശ്ശൂര്‍:ചാവക്കാട് കടലില്‍ കഴിഞ്ഞ ദിവസം വള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ കാണാതായ രണ്ട് മത്സ്യ തൊഴിലാളികളെ ഇതുവരെ കണ്ടെത്താനായില്ല. തിരുവനന്തപുരം പുല്ലൂർ വിള സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവരെയാണ് കടലില്‍ കാണാതായത്. ബ്ലാങ്ങാട് ബീച്ചില്‍ നിന്നാണ് ആറ് പേരടങ്ങുന്ന സംഘം മത്സ്യബന്ധനത്തിന് പോയത്. തിങ്കളാഴ്‌ച(01.08.2022) വൈകിട്ട് ചാവക്കാട് മുനക്കക്കടവ് അഴിമുഖത്തിന് സമീപം വച്ച് വള്ളത്തിന്‍റെ യന്ത്രം തകരാറിലായതോടെയാണ് അപകടമുണ്ടായത്.
വള്ളത്തിലുണ്ടായിരുന്ന നാല് പേര്‍ നീന്തി രക്ഷപ്പെട്ടിരുന്നു. പുല്ലൂർവിള സ്വദേശികളായ സുനിൽ, വർഗീസ്, സെല്ലസ്, സന്തോഷ് എന്നിവരാണ് നീന്തി രക്ഷപ്പെട്ടത്. സംഘം സഞ്ചരിച്ച ഫൈബര്‍ വഞ്ചിയും വലയുമുള്‍പ്പെടെയുള്ള ഉപകരണങ്ങളും കഴിഞ്ഞ ദിവസം കരക്കടിഞ്ഞിരുന്നു.