തൃശൂര്‍:ചാലക്കുടിയിലെ വ്യാജ എല്‍ എസ് ഡി കേസില്‍ ദുരൂഹതയേറുന്നു. ബ്യൂട്ടിപാര്‍ലര്‍ ഉടമയായ ഷീല സണ്ണിയുടെ ബാഗില്‍ പൊതിവച്ചു എന്ന് സംശയിക്കുന്ന ബന്ധു ഒളിവില്‍. ഇവരുടെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്‌ത നിലയിലാണ്. സംഭവത്തില്‍ ബെംഗളൂരുവില്‍ ജോലി ചെയ്യുന്ന ആളെയാണ് എക്‌സൈസ് ക്രൈം ബ്രാഞ്ച് സംഘം നിലവില്‍ സംശയിക്കുന്നത്.
ഇന്‍റര്‍നെറ്റ് കോളിലൂടെയാണ് സംഭവത്തെ കുറിച്ചുള്ള വിവരം ലഭിച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥന്‍ സതീശന്‍ അന്വേഷണ സംഘത്തിന് മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് ബെംഗളൂരുവിലുള്ള ഷീലയുടെ ബന്ധുക്കളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിരുന്നുവെങ്കിലും ഇവര്‍ വന്നിരുന്നില്ല. പിന്നാലെയാണ് ഇവരുടെ ഫോണും സ്വിച്ച് ഓഫായത്.
ബെംഗളൂരുവിലുള്ള ബന്ധുക്കളാണ് തന്നെ കുടുക്കാന്‍ ശ്രമിച്ചത് എന്ന ആരോപണം ഷീല സണ്ണി നേരത്തേയും ഉന്നയിച്ചിരുന്നു. അതേസമയം, തെറ്റ് ചെയ്യാതെ ജയില്‍ ശിക്ഷ അനുഭവിക്കേണ്ടി വന്ന തനിക്ക് നീതി ലഭിക്കണമെന്നാണ് ഷീല സണ്ണിയുടെ ആവശ്യം. കള്ളക്കേസില്‍ തന്നെ കുടുക്കിയവര്‍ക്കെതിരെ നടപടി വേണമെന്നും ബ്യൂട്ടിപാര്‍ലര്‍ ഉടമ പറയുന്നു.
കഴിഞ്ഞ ഫെബ്രുവരി 27ന് ആണ് ചാലക്കുടിയില്‍ ബ്യൂട്ടിപാര്‍ലര്‍ നടത്തുന്ന ഷീല സണ്ണിയെ എക്‌സൈസ് അറസ്റ്റ് ചെയ്‌തത്. ഇവരില്‍ നിന്നും 12 എല്‍ എസ് ഡി സ്റ്റാമ്പുകള്‍ പിടിച്ചെടുത്തിരുന്നു എന്ന് എക്‌സൈസ് ഓഫിസ് വാര്‍ത്ത കുറിപ്പും പുറത്തിറക്കിയിരുന്നു. തുടര്‍ന്ന് ഇവ വിദഗധ പരിശോധനയ്‌ക്കും അയച്ചു.
ഇതിന്‍റെ പരിശോധന ഫലം പുറത്തുവന്നപ്പോഴാണ് എക്‌സൈസ് സംഘം പിടിച്ചെടുത്തത് ലഹരി മരുന്ന് അല്ലെന്ന് മനസിലായത്. കേസില്‍ അറസ്റ്റിലായ ഷീല സണ്ണി 72 ദിവസം ജയിലിലും കഴിഞ്ഞിരുന്നു. നിലവില്‍ ബ്യൂട്ടിപാര്‍ലര്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് ഷീല സണ്ണി പറഞ്ഞിരുന്നു. ഈ സംഭവത്തില്‍ ഷീല സണ്ണി മാനനഷ്‌ട കേസ് രജിസ്റ്റര്‍ ചെയ്യുമെന്ന് അവരുടെ അഭിഭാഷകന്‍ അറിയിച്ചിരുന്നു.
പ്രണയം നിരസിച്ചതിന് കഞ്ചാവ് കേസില്‍ കുടുക്കി, നിരപരാധിത്വം തെളിയിച്ച് സംരംഭക:2021ലാണ് ചാലക്കുടിയിലേതിന് സമാനമായ രീതിയിലൊരു സംഭവം മുന്‍പ് കേരളത്തില്‍ അരങ്ങേറിയത്. പ്രണയം നിരസിച്ചതിന്‍റെ പക തീര്‍ക്കാന്‍ സംരംഭക ശോഭ വിശ്വനാഥിനെ കഞ്ചാവ് കേസില്‍പ്പെടുത്തുക ആയിരുന്നു. മലയാളത്തിലെ ഒരു പ്രമുഖ റിയാലിറ്റി ഷോയിലെ മത്സരാര്‍ഥി കൂടിയാണ് ശോഭ.
തിരുവനന്തപുരം വഴുതക്കാട് വീവേഴ്‌സ് വില്ലേജ് എന്ന പേരില്‍ കൈത്തറി ഉത്പന്നങ്ങള്‍ നടത്തുന്ന ഇവരുടെ സ്ഥാപനത്തിലാണ് പ്രതി ലോർഡ്‌സ് ആശുപത്രി സി.ഇ.ഒ ഹരീഷ് ഹരിദാസ് കഞ്ചാവ് ഒളിപ്പിച്ചത്. മാസങ്ങള്‍ നീണ്ട നിയമ പോരാട്ടത്തിനൊടുവില്‍ ആയിരുന്നു ഈ സംഭവത്തില്‍ ശോഭ തന്‍റെ നിരപരാധിത്വം തെളിയിച്ചത്. വിവാഹാഭ്യര്‍ഥന നിരാകരിച്ചപ്പോഴായിരുന്നു പ്രതി ഇവരുടെ സ്ഥാപനത്തില്‍ കഞ്ചാവ് ഒളിപ്പിച്ചത്.
തുടര്‍ന്ന് നാര്‍ക്കോട്ടിക് സംഘം നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തിയതോടെ കേസിലെ പ്രധാന പ്രതിയായി ശോഭ മാറി. തുടര്‍ന്ന് ഇവര്‍ മുഖ്യമന്ത്രിക്ക് ഉള്‍പ്പടെ പരാതി നല്‍കി. ഇതിന് പിന്നാലെ നടന്ന അന്വേഷണങ്ങളിലാണ് സംഭവത്തിന്‍റെ നിജസ്ഥിതി പുറംലോകം അറിയുന്നത്.
More Read :പ്രണയം നിഷേധിച്ചതിന് കഞ്ചാവ് കേസില്‍പ്പെടുത്തി ; നിരപരാധിത്വം തെളിയിച്ച് യുവസംരംഭക