തൃശൂര്‍: ഫുട്‌ബോളിനോടും താരങ്ങളോടുമുള്ള ആരാധന പലരൂപത്തില്‍ നമ്മൾ കണ്ടിട്ടുണ്ട്. അങ്ങനെയൊരു ആരാധനയും അതിലേറെ കൗതുകത്തിനുമാണ് കഴിഞ്ഞ ദിവസം ചാലക്കുടി നഗരസഭ ഇൻഡോർ സ്റ്റേഡിയം സാക്ഷിയായത്. ഖത്തർ ലോകകപ്പില്‍ അർജന്‍റീനയും സൗദി അറേബ്യയും നേരിട്ട് ഏറ്റുമുട്ടുകയാണ്.
'ഖത്തർ മൈതാനത്ത് ശരിക്കും മെസി, ചാലക്കുടിയില്‍ ഐദിൻ മെസി': മകന് മെസിയുടെ പേരിട്ട ദമ്പതികൾ ഇവിടെയുണ്ട്.... - ലോകകപ്പിനിടെ പേരിട്ടു
ചാലക്കുടി നഗരസഭ ഇൻഡോർ സ്റ്റേഡിയത്തില്‍ അര്‍ജന്‍റീന- സൗദി അറേബ്യ പോരാട്ടം നടക്കവെയാണ് ആരാധകരായ ദമ്പതികള്‍ കുഞ്ഞിന് ഐദിൻ മെസി എന്ന പേര് നല്‍കിയത്.
ആദ്യ പകുതിയില്‍ മെസിയുടെ പെനാല്‍റ്റി ഗോളില്‍ അർജന്‍റീന മുന്നില്‍. അതിനിടെ, ഇൻഡോർ സ്റ്റേഡിയത്തില്‍ ഒരുക്കിയ ബിഗ് സ്ക്രീനിനു മുന്നില്‍ കളി കണ്ടിരുന്നവരെ പോലും ഞെട്ടിച്ചത് ചാലക്കുടി കല്ലൂപറമ്പിൽ ഷനീർ - ഫാത്തിമ ദമ്പതികളാണ്. മെസി ആരാധകരെ സാക്ഷിയാക്കി സ്വന്തം കുഞ്ഞിന് ഇവർ പേരിട്ടു. 'ഐദിൻ മെസി'...
പേരിടലിന് ശേഷം അർജന്‍റീനൻ പതാകയുടെ നിറമുള്ള കേക്ക് മുറിച്ച് മധുരവും പങ്കുവെച്ചു... മത്സരത്തിനൊടുവില്‍ അർജന്‍റീന, സൗദി അറേബ്യയോട് തോല്‍ക്കുമ്പോൾ മെസി മാത്രമല്ല ലോകം മുഴുവൻ ഞെട്ടിയെങ്കിലും ഷനീറും ഫാത്തിമയും ഹാപ്പിയായിരുന്നു. കാരണം മെസിയോടുള്ള ആരാധനയില്‍ കുഞ്ഞിന് പേരിടുമ്പോൾ അതിലൊരു 'മെസി ടച്ചുണ്ടാണം' എന്ന് അവർ ആഗ്രഹിച്ചിരുന്നു.