തൃശൂർ: വടക്കാഞ്ചേരി നഗരസഭാ ഓഫീസിൽ സിബിഐ സംഘം പരിശോധന നടത്തി. ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചില രേഖകൾ സംഘം കസ്റ്റഡിയിലെടുത്തു. അതിനിടെ ചരൽ പറമ്പിലെ ഫ്ലാറ്റ് നിർമാണം യൂണിടാക് നിർത്തി വെച്ചു. സിബിഐ കൊച്ചി യൂണിറ്റിൽ നിന്നുള്ള മൂന്നംഗ സംഘമാണ് പരിശോധനയ്‌ക്ക് എത്തിയത്. രണ്ട് മണിക്കൂർ ഇവർ നഗരസഭാ ഓഫീസിൽ ഉണ്ടായിരുന്നു. ലൈഫ് മിഷൻ ഫ്ലാറ്റ് നിർമാണത്തിൽ നഗരസഭയുമായി ബന്ധപ്പെട്ട് നടത്തിയ മുഴുവൻ കത്ത് ഇടപാടുകളുടെയും കരാറുകളുടെയും വിശദാംശങ്ങൾ സംഘം ചോദിച്ചു. ഫ്ലാറ്റ് നിർമാണം നടക്കുന്ന ചരൽ പറമ്പിലെ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച രേഖകൾ ഇവർ പരിശോധിച്ചു. ഈ ഭൂമിയിൽ 140 ഫ്ലാറ്റുകൾ അടങ്ങിയ ഭവന സമുച്ചയം നിർമിക്കുന്നതിന് വേണ്ടി പ്രാഥമികമായി നഗരസഭ നൽകേണ്ട അനുമതി പത്രങ്ങളുടെ ഫയലുകളും ശേഖരിച്ചിട്ടുണ്ട്.
ലൈഫ് മിഷൻ കേസ്; വടക്കാഞ്ചേരി നഗരസഭാ ഓഫീസിൽ സിബിഐ പരിശോധന - Vadakancherry Municipal Corporation office
ലൈഫ് മിഷനുമായി ബന്ധപ്പെട്ട ചില രേഖകൾ സംഘം കസ്റ്റഡിയിലെടുത്തു. ചരൽ പറമ്പിലെ ഫ്ലാറ്റ് നിർമാണം യൂണിടാക് നിർത്തി വെച്ചു. സിബിഐ കൊച്ചി യൂണിറ്റിൽ നിന്നുള്ള മൂന്നംഗ സംഘമാണ് പരിശോധനയ്‌ക്ക് എത്തിയത്.
സർക്കാർ ഏജൻസിയായ ഹാബിറ്റാറ്റിനെ ഒഴിവാക്കി യൂണിടാകിന് നിർമാണ കരാർ നൽകിയത് സംബന്ധിച്ച് ലൈഫ് മിഷനിൽ നിന്ന് ലഭിച്ച വിവരങ്ങൾ രേഖപ്പെടുത്തി. ത്രീ ഫെയ്‌സ് വൈദ്യുതി കണക്ഷൻ എടുക്കാൻ വേണ്ടി നഗരസഭാ സെക്രട്ടറിക്ക് ലൈഫ് മിഷൻ നൽകിയ കത്ത് സംബന്ധിച്ചും ചോദിച്ചു. അതിനിടെ രണ്ട് ദിവസം മുമ്പ് വിജിലൻസ് സംഘം നഗരസഭാ ഓഫീസിൽ എത്തി രേഖകൾ കൊണ്ടു പോയത് സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. അതേസമയം വടക്കാഞ്ചേരിയിലെ ഫ്ലാറ്റ് നിർമാണം നിർത്തി വെച്ചതായി ചൂണ്ടികാണിച്ച് യൂണി ടാക്ക് എംഡി ലൈഫ് മിഷന് കത്ത് നൽകി.