തൃശൂർ: മുന്നണികൾക്കെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രം കത്തോലിക്കാസഭ. മുഖ്യമന്ത്രിയുടേത് മുസ്ലീം പ്രീണന തന്ത്രമാണെന്നും ഇരു മുന്നണികളും വോട്ട് ബാങ്കിന് വേണ്ടി മുസ്ലീം പ്രീണനം നടത്തുകയാണെന്നും കത്തോലിക്കാസഭ ആരോപിക്കുന്നു. കത്തോലിക്കാസഭയുടെ മാർച്ച് ലക്കത്തിലാണ് മുഖ്യമന്ത്രിക്കും മുന്നണികൾക്കുമെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
മുന്നണികൾക്കെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപതാ മുഖപത്രം - മുസ്ലീം ലീഗ്
മുസ്ലീം ലീഗിന്‍റെ സമ്മർദ്ദങ്ങൾക്ക് എന്നും തലവെച്ചു കൊടുത്തിട്ടുള്ളവരാണ് യുഡിഎഫ് എന്നും ഇതേ നയമാണ് എൽഡിഎഫ് പിന്തുടരുന്നതെന്നും കത്തോലിക്കാസഭ
മുസ്ലീം ലീഗിന്‍റെ സമ്മർദ്ദങ്ങൾക്ക് എന്നും തലവെച്ചു കൊടുത്തിട്ടുള്ളവരാണ് യുഡിഎഫ്. അതേ പാരമ്പര്യം തന്നെയാണ് എൽഡിഎഫ് തുടരുന്നതും. ന്യൂനപക്ഷ ക്ഷേമ ഫണ്ടിലടക്കം വിവിധ സമിതികളിലെ പ്രാതിനിധ്യമുൾപ്പെടെ ക്രൈസ്തവർക്ക് ലഭിക്കേണ്ട അവകാശങ്ങളെ മുഖ്യമന്ത്രിയും തള്ളിക്കളഞ്ഞു. മുസ്ലീം സമുദായം അനർഹമായി ഒന്നും നേടിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മറ്റ് ന്യൂനപക്ഷങ്ങളുടെ മുറവിളികൾക്ക് എതിരായി മാറുകയാണ്. മുസ്ലീം സംഘടനാ പ്രതിനിധികളുമായി ഓൺലൈനായി നടന്ന യോഗത്തിൽ ക്രൈസ്തവരുടെ ആവശ്യങ്ങൾ അവഗണിച്ച് മുസ്ലീം സംഘടനകളുടെ നിലപാടിനെ മുഖ്യമന്ത്രി വെള്ളപൂശിയെന്നും മുഖപത്രം ആരോപിക്കുന്നു.
മുസ്ലീങ്ങളുടെ സമ്മേളനത്തിൽ ചെന്ന് ക്രൈസ്തവരെ കുറ്റപ്പെടുത്തിയ ചാണ്ടി ഉമ്മൻ തലമറന്ന് എണ്ണ തേക്കുകയാണ് ചെയ്‌തത്. രാഷ്ട്രീയ പ്രവേശം നേടാനും അധികാര സ്ഥാനങ്ങളിലെത്താനുമാണ് മലപ്പുറത്ത് ചെന്ന് വില കുറഞ്ഞ രാഷ്ട്രീയം കളിച്ചത്. ഹാഗിയ സോഫിയ പരാമർശത്തില്‍ ചാണ്ടി ഉമ്മന് മതേതര കേരളം മാപ്പ് നൽകില്ല. യുഡിഎഫ് നേതാക്കളുടെ വർഗ സ്വഭാവത്തിനനുസരിച്ച് പൊതുപ്രസംഗം നടത്തുകയാണ് ചാണ്ടി ഉമ്മന്‍. പൊതുസമൂഹത്തെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചാൽ ചാണ്ടി ഉമ്മൻ കൂടുതൽ അപഹാസ്യനായി തീരുമെന്നും കത്തോലിക്കാ സഭ വിമർശിക്കുന്നു.