തൃശൂർ:പഴയ സിലബസിൽ പരീക്ഷ നടത്തി വിദ്യാർഥികളെ നട്ടം തിരിച്ച് കാലിക്കറ്റ് സർവ്വകലാശാല. കഴിഞ്ഞ വർഷം നവംബറിൽ നടത്തിയ ബികോം ടാക്സേഷൻ കോഴ്‌സിന്‍റെ ജിഎസ്‌ടി പേപ്പറിനാണ് സർവ്വകലാശാല പഴയ വാറ്റ് സിലബസിൽ പരീക്ഷ നടത്തിയത്. വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്ന് ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന സമയത്ത് പുനപരീക്ഷ പ്രഖ്യാപിച്ചിരിക്കുന്നതാണ് വിദ്യാർഥികളെ വലക്കുന്നത്. എട്ട് മാസങ്ങൾക്ക് ശേഷവും ഫലം പുറത്തുവിടാത്തതിനെ തുടര്‍ന്നാണ് സർവ്വകലാശാലക്കെതിരെ വിദ്യാര്‍ഥികള്‍ ഹൈക്കോടതിയെ സമീപിച്ചത്.
പഴയ സിലബസിൽ പരീക്ഷ നടത്തി കാലിക്കറ്റ് സർവ്വകലാശാല; വിദ്യാര്‍ഥികള്‍ പ്രതിസന്ധിയില്‍ - TROUBLES STUDENTS
ബികോം ടാക്സേഷൻ കോഴ്‌സിന്‍റെ ജിഎസ്‌ടി പേപ്പറിനാണ് സർവ്വകലാശാല പഴയ വാറ്റ് സിലബസിൽ പരീക്ഷ നടത്തിയത്

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലുള്ള മൂന്ന് കോളജുകളിലാണ് ബികോം ടാക്സേഷൻ കോഴ്സുകൾ ഉള്ളത്. 2018ൽ സിലബസിലെ വാറ്റ് വിഷയം മാറ്റി സർവകലാശാല ജിഎസ്‌ടി കൊണ്ടുവന്നു. എന്നാൽ തൊട്ടടുത്ത ബാച്ചിലെ വിദ്യാർഥികളുടെ അഞ്ചാം സെമസ്റ്റർ പരീക്ഷയിൽ സർവകലാശാല പഴയ സിലബസിലുള്ള ചോദ്യപേപ്പറിൽ പരീക്ഷ നടത്തുകയും ചെയ്തു. പരീക്ഷ നടത്തി എട്ട് മാസം പിന്നിട്ടിട്ടും പരീക്ഷാ ഫലം പുറത്തുവിട്ടത് രണ്ട് കോളജുകൾ മാത്രമാണ്. തുടർന്ന് തൃശൂർ സഹൃദയ കോളജിലെ വിദ്യാർഥികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. കോടതി ഈ മാസം 27ന് കേസിൽ ഹിയറിങ് കേൾക്കും. എന്നാൽ അന്നേദിവസം പരീക്ഷ നടത്താം എന്ന് സർവകലാശാല മൂന്ന് ദിവസം മുമ്പാണ് വിദ്യാർഥികളെ അറിയിക്കുന്നത്. പരീക്ഷ എഴുതേണ്ടവരില്‍ ഏറെപ്പേരും ട്രിപ്പിൾ ലോക്ക് ഡൗൺ നിലനിൽക്കുന്ന മേഖലയിലുള്ളവരും മറ്റു ജില്ലകളിൽ നിന്ന് എത്തേണ്ടവരുമാണ്. ഈ സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. പുതിയ സിലബസ് പ്രകാരം ജിഎസ്‌ടി ആദ്യമായി പഠിച്ച വിദ്യാർഥികളെ സർവ്വകലാശാല മൂന്നുവട്ടം പരീക്ഷയെഴുതിച്ചിരുന്നുവെന്നും വിദ്യാർഥികൾ പറയുന്നു. സർവകലാശാലയുടെ പരീക്ഷ നടത്തിപ്പിലെ പിഴവുമൂലം വിദ്യാർഥികൾക്ക് പിജി പ്രവേശനം തടസപ്പെട്ടിരിക്കുകയാണ്. വീണ്ടും പരീക്ഷ നടത്തി ഒരു വർഷം നഷ്ടപ്പെടുത്താതെ ഇന്‍റേണല്‍ മാർക്ക് അടക്കമുള്ളവ കണക്കാക്കി ഫലം പുറത്തുവിടണമെന്നാണ് വിദ്യാർഥികൾ ആവശ്യപ്പെടുന്നത്.