തൃശൂര്‍:മണലൂരില്‍ വില്‍പനക്കായി സൂക്ഷിച്ച എംഡിഎംഎയും കഞ്ചാവുമായി സഹോദരങ്ങള്‍ അറസ്റ്റില്‍. രാജീവ് നഗറില്‍ താമസിക്കുന്ന പുളിക്കൻ വീട്ടിൽ അജിൽ ജോസ്, സഹോദരന്‍ അജിത് ജോസ് എന്നിവരാണ് അറസ്റ്റിലായത്. 10.72 ഗ്രാം എംഡിഎംഎയും 10 കിലോ കഞ്ചാവുമാണ് ഇവരില്‍ നിന്ന് കണ്ടെത്തിയത്. ഇരുവരുടെയും മൊബൈല്‍ ഫോണും ഇവരില്‍ നിന്ന് കണ്ടെത്തിയ ഇലക്‌ട്രോണിക് മെഷിനുകളും എക്‌സൈസ് കസ്റ്റഡിയിലെടുത്തു.
എക്‌സൈസ് പറയുന്നത്: ഇന്നലെയാണ് (ജൂണ്‍ 23) വാടാനപ്പള്ളി റേഞ്ച് എക്സൈസ് സംഘം ഇരുവരെയും അറസ്റ്റ് ചെയ്‌തത്. മണലൂരിലും പരിസര പ്രദേശങ്ങളിലുമുള്ള സ്‌കൂളുകള്‍ കോളജുകള്‍ എന്നിവ കേന്ദ്രീകരിച്ച് മയക്ക് മരുന്ന് വില്‍പന അധികരിച്ചതായി രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് നടത്തി അന്വേഷണത്തിലൊടുവിലാണ് സഹോദരങ്ങള്‍ പിടിയിലായത്. അജിത്ത് ജോസ് എംഡിഎംഎയും അജില്‍ കഞ്ചാവുമാണ് വില്‍പന നടത്തിയിരുന്നത്.
പെരിങ്ങോട്ടുകര സ്വദേശിയായ യുവാവിന്‍റെ നേതൃത്വത്തിലാണ് വിവിധയിടങ്ങളില്‍ നിന്നായി ഇവര്‍ മയക്ക് മരുന്ന് കേരളത്തിലെത്തിക്കുന്നത്. ഇയാള്‍ക്കായി എക്‌സൈസ് സംഘം അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. മയക്ക് മരുന്ന് മാഫിയയിലെ പ്രധാന കണ്ണിയാണ് ഇയാളെന്ന സംശയിലാണ് എക്‌സൈസ്. സഹോദരങ്ങളില്‍ നിന്ന് കസ്റ്റഡിയിലെടുത്ത മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചും സംഘം അന്വേഷണം നടത്തും.
വാടാനപ്പള്ളി റേഞ്ച് എക്സൈസ് ഇൻസ്പെക്‌ടർ എസ്എസ് സച്ചിൻ, പ്രിവന്‍റീവ് ഓഫിസർമാരായ ടോണി വർഗീസ്, കെആർ ഹരിദാസ്, എക്സൈസ് ഉദ്യോഗസ്ഥരായ പിഎ വിനോജ്, ആർ. രതീഷ് കുമാർ, ടി.ആർ സുനിൽ, എൻഎൻ. നിത്യ, കെഎൻ. നീതു, വി. രാജേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. ചാവക്കാട് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്‌തു.
മോഷണക്കേസ്; 4 പേര്‍ക്ക് ശിക്ഷ :കണ്ണൂര്‍മാഹി പള്ളൂരില്‍ കടകള്‍ കുത്തി തുറന്ന് മോഷണം നടത്തിയ കേസില്‍ 4 പേര്‍ക്ക് ഒന്നര വര്‍ഷം തടവും 500 രൂപയും ശിക്ഷ വിധിച്ച് മാഹി കോടതി. ഡല്‍ഹി സ്വദേശികളായ മുഹമ്മദ് ഷഫീക്ക് (28), വസീർ ഖാൻ (24), രാഹുൽ ജയ്സ്വാൾ (28), മുസ്‌ലിം ആലം (26) എന്നിവര്‍ക്കാണ് ശിക്ഷ വിധിച്ചത്.
2022 ജൂണ്‍ ആറിനാണ് കേസിനാസ്‌പദമായ സംഭവം. മാഹിപള്ളൂർ ഇരട്ടപ്പിലാക്കലിലെ ഇലക്‌ട്രോണിക് ഷോപ്പ്, മൊബൈല്‍ കടകള്‍ എന്നിവ കുത്തി തുറന്നാണ് സംഘം കവര്‍ച്ച നടത്തിയത്. ഏഴ് ലക്ഷം രൂപ വിലമരുന്ന മൊബൈല്‍ ഫോണുകളാണ് സംഘം കവര്‍ന്നത്. മോഷണത്തിന് പിന്നാലെ കടയുടമകള്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. എന്നാല്‍ മോഷണത്തിന് പിന്നാലെ ഡല്‍ഹിയിലേക്ക് കടന്ന പ്രതികളെ അവിടെ വച്ചാണ് മാഹി പൊലീസ് അറസ്റ്റ് ചെയ്‌തത്.
മാഹി സിഐ എ ശേഖറിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്‌തത്. സ്പെഷ്യൽ ഗ്രേഡ് എഎസ്ഐമാരായ കിഷോർ കുമാർ, സുനിൽ കുമാർ, പ്രസാദ് എന്നിവരാണ് ഡല്‍ഹിയില്‍ വച്ച് പ്രതികളെ പിടികൂടിയത്.