തൃശൂര്‍: സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ സര്‍വത്ര പരാജയമാണെന്നും അതിനുദാഹരണമാണ് കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ചുമതല പൊലീസിനെ ഏല്‍പ്പിച്ച സര്‍ക്കാര്‍ നടപടിയെന്നും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍. സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധം പാളിയതിന് ലാത്തിയല്ല പ്രതിവിധിയെന്നും ഗോപാലകൃഷ്‌ണന്‍ പരിഹസിച്ചു. 'ലാത്തി വാക്‌സിൻ' കൊണ്ട് കൊവിഡിനെ പ്രതിരോധിക്കുകയെന്ന പിണറായിയുടെ പ്രഖ്യാപനത്തിൽ ദുരൂഹതയുണ്ട്. ഇത് ജനങ്ങൾക്കെതിരായ അടിച്ചമർത്തലാണെന്നും ഇതുവഴി ആരോഗ്യ മേഖലയെ അപമാനിച്ചുവെന്നും ഗോപാലകൃഷ്‌ണന്‍ പറഞ്ഞു. കുപ്രസിദ്ധിയാർജിച്ച ഒരു പൊലീസ് ഉദ്യോഗസ്ഥനെയാണ് നോഡൽ ഓഫീസറായി നിയോഗിച്ചിരിക്കുന്നത്. ഭയം കൊണ്ടാണ് പിണറായി പൊലീസിന്‍റെ വേഷമണിയാൻ ശ്രമിക്കുന്നത്. ഒരു മുഖ്യമന്ത്രിക്ക് വേണ്ട സിവില്‍ മൈൻ്റിന് പകരം ക്രിമിനല്‍ മൈന്‍റാണ് പിണറായി വിജയനെന്നും അദ്ദേഹം ആരോപിച്ചു.
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം പൊലീസിനെ ഏല്‍പ്പിച്ച നടപടിക്കെതിരെ ബി. ഗോപാലകൃഷ്ണന്‍
സര്‍ക്കാരിന്‍റെ കൊവിഡ് പ്രതിരോധം പാളിയതിന് ലാത്തിയല്ല പ്രതിവിധിയെന്നും ഗോപാലകൃഷ്‌ണന്‍ പരിഹസിച്ചു.
ഓഖി പുനരധിവാസ പ്രവര്‍ത്തനം നടത്തുന്നതിലും കൊവിഡ് പ്രതിരോധ പ്രവര്‍ത്തനം നടത്തുന്നതിലും സ്വന്തം ഒഫീസിലും മുഖ്യമന്ത്രി പരാജയപ്പെട്ടു. സ്വർണക്കടത്ത് കേസിൽ കൂടുതൽ കാര്യങ്ങൾ പുറത്തുവരുമ്പോൾ മുഖ്യമന്ത്രിക്ക് പൊള്ളും. ഇതിന് മുന്നോടിയായാണ് പൊലീസിനെ ഉപയോഗിച്ച് ജനങ്ങളെ അടിച്ചമർത്താൻ ശ്രമിക്കുന്നതെന്നും ഗോപാലകൃഷ്‌ണന്‍ ആരോപിച്ചു. പൂന്തുറയിൽ പരാജയപ്പെട്ട ഈ രീതി കേരളത്തിലാകെ നടപ്പിലാക്കാനാണ് ശ്രമം. ഉത്തരത്തിന് പകരം ലാത്തികൊണ്ട് പൊലീസ് രാജ് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിക്ക് കഴിവില്ലെങ്കിൽ രാജിവെച്ച് ആരോഗ്യ മന്ത്രിയെ ഭരണം ഏൽപ്പിക്കുക. പരാജയപ്പെട്ട മുഖ്യമന്ത്രിയോട് മാറിനിൽക്കാൻ കോടിയേരി ആവശ്യപ്പെടണമെന്നും ഗോപാലകൃഷ്‌ണന്‍ പറഞ്ഞു.
കേരളത്തിൽ കെ.ടി ജലീലിന്‍റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ ടെക്‌നിക്കൽ സർവകലാശാലയിൽ പിൻവാതിൽ നിയമനം നടക്കുന്നു. സ്റ്റാറ്റ്യുട്ട് നിലവിൽ വരാതത്തതിനാൽ നിയമനം നടപ്പിലാക്കാനാകില്ല. കഴിഞ്ഞ മാസം സർവകലാശാലയുടെ വെബ്‌സൈറ്റിൽ കരിയർ വിഭാഗത്തിൽ കൊടുക്കാതെ നോട്ടിഫിക്കേഷൻ വിഭാഗത്തിൽ ഒഴിവുകൾ കൊടുത്ത് വീഡിയോ കോണ്‍ഫറന്‍സ് നടത്തി 15 പേരെ നിയമിക്കുന്നു. ഇത് പിൻവാതിൽ നിയമനമാണെന്നും ബി. ഗോപാലകൃഷ്ണൻ ആരോപിച്ചു.