തൃശൂർ: ചിറ്റിലങ്ങാട് കൊലപാതകത്തിന് പിന്നിൽ ബിജെപിയാണെന്ന മന്ത്രി എ.സി മൊയ്‌തീന്‍റെ പരാമർശത്തിനെതിരെ ബിജെപി. ലഹളക്ക് ആഹ്വാനം ചെയ്‌ത മന്ത്രി സത്യപ്രതിജ്ഞ ലംഘനമാണ് നടത്തിയതെന്ന് ബിജെപി വക്താവ് അഡ്വ ബി ഗോപാലകൃഷ്ണൻ ആരോപിച്ചു. ഇതിനെതിരെ മൊയ്‌തീന്‍റെ ഓഫിസിന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഗോപാലകൃഷ്‌ണൻ അറിയിച്ചു.
കുന്നംകുളം ചിറ്റിലങ്ങാട് സിപിഎം ബ്രാഞ്ച് സെക്രട്ടറി സനൂപ് കൊല്ലപ്പെട്ട സംഭവത്തിൽ ബിജെപിക്കോ സംഘപരിവാർ സംഘടനകൾക്കോ യാതൊരു ബന്ധവുമില്ല. ലഹളക്ക് ആഹ്വാനം ചെയ്‌ത മന്ത്രിയുടെ നടപടി മുഖ്യമന്ത്രിയെയും ഗവർണറെയും അറിയിക്കും. പ്രസ്‌താവന പിൻവലിച്ച് എ.സി മൊയ്‌തീൻ മാപ്പ് പറയണമെന്നും ബി. ഗോപാലകൃഷ്‌ണൻ ആവശ്യപ്പെട്ടു.