കേരളം

kerala

ETV Bharat / state

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ആഘോഷങ്ങൾ തുടങ്ങി - Guruvayur Temple

അഷ്ടമി രോഹിണിയുടെ ഭാഗമായുള്ള ആഘോഷങ്ങൾക്ക് നിരവധിപേരാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തിയിട്ടുള്ളത്.

ഗുരുവായൂർ ക്ഷേത്രത്തിൽ അഷ്ടമി രോഹിണി ആഘോഷങ്ങൾ തുടങ്ങി

By

Published : Aug 23, 2019, 3:11 PM IST

Updated : Aug 23, 2019, 5:08 PM IST

തൃശൂർ:അഷ്ടമി രോഹിണി ആഘോഷങ്ങളുടെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തിൽ രാവിലെ ഏഴിന് വിശേഷാൽ കാഴ്ചശീവേലി മേളം നടന്നു. വിശേഷാവസരത്തിൽ മാത്രം എടുക്കുന്ന സ്വർണ്ണക്കോലം അഷ്ടമിരോഹിണി നാളിൽ എഴുന്നള്ളിക്കും. രാവിലെ ഒമ്പത് മണി മുതൽ പ്രസാദ ഊട്ട് ആരംഭിച്ചു. കണ്ണന്‍റെ പിറന്നാൾ സദ്യ നല്‍കുന്നതിന് ക്ഷേത്രത്തിന് തെക്ക് ഭാഗത്തും പടിഞ്ഞാറെ നടപ്പുരക്ക് സമീപത്തും പ്രത്യേക പന്തൽ ഒരുക്കിയിട്ടുണ്ട്. ഒരേ സമയം 2000 പേർക്ക് രണ്ട് പന്തലിലുമായി സദ്യയുണ്ണാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. തെക്കേ അന്നദാന പന്തലിൽ ഷർട്ട്, പാന്‍റ് എന്നിവ ധരിച്ച് പിറന്നാൾ സദ്യ കഴിക്കാനാകും. എന്നാൽ അന്നലക്ഷ്മി ഹാളിൽ ക്ഷേത്ര ആചാര പ്രകാരം മാത്രമാണ് സദ്യ കഴിക്കാനാവുക.

രാവിലെ മമ്മിയൂർ ക്ഷേത്രത്തിൽ നിന്നും നായർ സമാജത്തിന്‍റെ നേതൃത്വത്തിൽ ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ജീവത എഴുന്നള്ളിപ്പ്, ഉറിയടി, ഗോപികാ നൃത്തം തുടങ്ങിയ വിവിധ ആഘോഷങ്ങളോടെ എഴുന്നള്ളിപ്പുകളും ഘോഷയാത്രകളും നടത്തി. കൂടാതെ പെരുന്തട്ട ക്ഷേത്രത്തിൽ നിന്നും തിരുവെങ്കിടം ക്ഷേത്രത്തിൽ നിന്നും ശോഭയാത്രകളും ക്ഷേത്രത്തിലെത്തും. കൃഷ്ണ വേഷമണിഞ്ഞ ഉണ്ണി കണ്ണൻമാർ വീഥികളില്‍ നിറയും. ക്ഷേത്രവീഥിയാകെ ഉറിയടിക്കായി ഒരുക്കങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് പഞ്ചവാദ്യത്തോടെ കാഴ്ചശീവേലി ഉണ്ടാകും. വൈകിട്ട് അഞ്ച് മണിക്ക് സാംസ്കാരിക സമ്മേളനം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ നടക്കും. ശ്രീ ഗുരുവായൂരപ്പ ക്ഷേത്ര കലാ പുരസ്കാരം കലാമണ്ഡലം ഗോപിയാശാന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ സമ്മാനിക്കും. തുടർന്ന് ഗോപിയാശാന്‍ നവരസങ്ങള്‍ അവതരിപ്പിക്കും. രാത്രി പത്തിന് ക്ഷേത്ര കലാനിലയത്തിന്‍റെ കൃഷ്ണനാട്ടം ഉണ്ടാകും. രാത്രിയിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ക്ഷേത്രത്തിലേക്ക് ഘോഷയാത്രകൾ സംഘടിപ്പിക്കും.

Last Updated : Aug 23, 2019, 5:08 PM IST

ABOUT THE AUTHOR

...view details