തൃശൂര്‍ : പ്രധാനമന്ത്രിക്കും ബിജെപിക്കും സുരേഷ് ഗോപിക്കുമെതിരെ രൂക്ഷ വിമർശനവുമായി തൃശൂർ അതിരൂപത. തെരഞ്ഞെടുപ്പിൽ മണിപ്പൂർ മറക്കില്ലെന്ന് ഒര്‍മിപ്പിച്ചാണ് അതിരൂപത മുഖപത്രം ‘കത്തോലിക്കാ സഭ’ നവംബര്‍ ലക്കം പുറത്തിറങ്ങിയത് (Archdiocese of Thrissur against BJP and Suresh Gopi).
തെരഞ്ഞെടുപ്പ് അടുത്തിരിക്കെ, മണിപ്പൂർ കലാപത്തെ മറച്ചുപിടിക്കാൻ കേരളത്തിൽ വലിയ ശ്രമം നടക്കുകയാണ്. കേന്ദ്രത്തിൽ വീണ്ടും അധികാരത്തിൽ വരണമെന്നാഗ്രഹിക്കുന്ന ഭരണകക്ഷിയാണ് ഇതിൽ പ്രത്യേക താത്‌പര്യമെടുക്കുന്നത്. 'അങ്ങ് മണിപ്പൂരിലും യുപിയിലും ഒന്നും നോക്കിയിരിക്കരുത്. അതൊക്കെ നോക്കാൻ അവിടെ ആണുങ്ങൾ ഉണ്ട് - തൃശൂരിനെ എടുക്കാൻ ആഗ്രഹിക്കുന്ന ഒരു ബിജെപി നേതാവ് സിനിമ ഡയലോഗ് പോലെ നടത്തിയ പ്രസ്‌താവന ഇതിനു തെളിവായി സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
മണിപ്പൂർ കത്തിയെരിഞ്ഞപ്പോൾ ഈ ആണുങ്ങൾ എന്തെടുക്കുകയായിരുന്നു എന്ന് പ്രധാനമന്ത്രിയോടോ ബിജെപിയുടെ കേന്ദ്ര നേതൃത്വത്തോടോ ചോദിക്കാൻ ആണത്തമുണ്ടോ എന്നാണ് ജനം തിരിച്ചു ചോദിക്കുന്നത്' -അതിരൂപത മുഖപത്രം ചൂണ്ടികാണിക്കുന്നു. ഞങ്ങൾ മണിപ്പൂർ ആവർത്തിച്ചു കൊണ്ടേയിരിക്കും, ഇവിടെയും വോട്ട് ചെയ്‌ത് ഞങ്ങളെ ജയിപ്പിക്കുക. ഭരണം കിട്ടിയാൽ കേരളവും ഞങ്ങൾ മണിപ്പൂരാക്കി തരാം എന്നതാണോ ലക്ഷ്യമെന്നും ചോദിക്കുന്നവരുണ്ട്.
മണിപ്പൂരിലെ സർക്കാരിന്‍റെ നിഷ്ക്രിയത്വം അക്രമകാരികൾക്കുള്ള ലൈസൻസായിരുന്നു. അത് ജനാധിപത്യ ബോധമുള്ളവർക്ക് അത്രവേഗം മറക്കാൻ പറ്റുന്നതല്ല. അതിനാൽ മണിപ്പൂരിനെ മറച്ചു പിടിച്ചുള്ള വോട്ടുതേടലിനെതിരെ ജനം ജാഗരൂകരാണ്. മേൽ സൂചിപ്പിച്ച പ്രസ്‌താവനയ്ക്കെതിരെ പ്രതിഷേധമുയർന്നു കഴിഞ്ഞുവെന്നും അതിരൂപത മുഖപത്രം പറയുന്നു. രാജ്യാന്തര തലത്തിൽ ഭാരതത്തിന്‍റെ യശസിന് കളങ്കം വന്നു.