തൃശൂർ: ലോക്‌ഡൗൺ സമയത്ത് ആളുകൾ കൂടുന്ന തരത്തിൽ ചായക്കട നടത്തുന്നുവെന്നറിഞ്ഞെത്തിയ പൊലീസ് മടങ്ങിയത് കടയുടമക്ക് വേണ്ട സഹായം നൽകിയ ശേഷം. തൃശൂർ അന്തിക്കാട് പൊലീസാണ് ഹൃദ്രോഗിയായ ചായക്കട ഉടമക്ക് മരുന്നുകളും അരിയും പലവ്യഞ്‌ജനങ്ങളും സാമ്പത്തിക സഹായവും എത്തിച്ചത്.
ലോക്‌ഡൗൺ ലംഘിച്ച് തൃശൂര്‍ മുറ്റിച്ചൂർ കടവിന് സമീപത്തെ ചായക്കടയിൽ പുലർച്ചെ ആളുകൾ കൂട്ടമായി എത്തുന്നു എന്നറിഞ്ഞാണ് അന്തിക്കാട് പൊലീസ് സ്ഥലത്തെത്തുന്നത്. പൊലീസ് സംഘത്തിനോട് 82കാരനായ ഖാദര്‍ പറഞ്ഞ കാരണം പൊലീസിന്‍റെ കരളലിയിപ്പിക്കുന്നതായിരുന്നു. ഹൃദ്രോഗിയായ താൻ മരുന്ന് വാങ്ങാന്‍ മറ്റുമാര്‍ഗമില്ലാതെയാണ് രാവിലെ കുറച്ചു നേരം കട തുറക്കുന്നതെന്നും അതിന് കനിവ് കാട്ടണമെന്നുമായിരുന്നു ഖാദറിൻ്റെ ആവശ്യം. തുടര്‍ന്ന് കേസൊന്നും എടുക്കാതിരുന്ന പൊലീസ് ലോക്‌ഡൗൺ കഴിയുന്നത് വരെ വീട്ടിലിരിക്കണമെന്നും ഇനി കട തുറന്നാൽ കേസെടുക്കുമെന്നും താക്കീത് ചെയ്തു.