ബൈക്കപകടത്തിൽ എഞ്ചിനിയറിങ് വിദ്യാർഥി മരിച്ചു - an engineering student died
റോഡ് മുറിച്ച കടന്ന സ്ത്രീയെ രക്ഷിക്കുന്നതിനിടെയാണ് അപകടം
തൃശൂർ: രാമവർമ്മപുരം ചേറൂരിൽ ബൈക്ക് ട്രക്കിലിടിച്ച് എഞ്ചിനിയറിങ് വിദ്യാർഥി മരിച്ചു. വടക്കാഞ്ചേരി സ്വദേശി ആലുംപറമ്പിൽ വീട്ടിൽ ജെറിൻ എബി (19) ആണ് മരിച്ചത്. ചേറൂർ പള്ളിമൂലയിൽ വിമല കോളജിനു മുന്നിലായിരുന്നു അപകടം. റോഡ് മുറിച്ച് കടന്ന സ്ത്രീയെ ബൈക്ക് ഇടിക്കാതിരിക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട ബൈക്ക് ട്രക്കിലിടിച്ച് അപകടത്തില്‍പ്പെടുകയായിരുന്നു. ഗവൺമെന്‍റ് എഞ്ചിനിയിറിങ് കോളജിലെ വിദ്യാർഥിയാണ് ജെറിൻ. കൂടെയുണ്ടായിരുന്ന വിദ്യാർഥിയെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊലീസ് ജീപ്പിലാണ് പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. ആശുപത്രിയിലേക്കുള്ള വഴിമദ്ധ്യേയാണ് ജെറിൻ മരിച്ചത്.