തൃശൂർ: ജില്ലയിൽ വീണ്ടും തിമിംഗല ഛർദി (ആംബർ ഗ്രീസ്) പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം പള്ളുരുത്തി സ്വദേശി ബിനോജ്, തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടി സ്വദേശി റംഷിദ് എന്നിവരാണ് അറസ്റ്റിലായത്.
വിപണിവില അഞ്ച് കോടി വരുന്ന 5.3 കിലോഗ്രാം തിമിംഗല ഛർദിയാണ് സിറ്റി ഷാഡോ പൊലീസും തൃശൂർ ഈസ്റ്റ് പൊലീസും ചേർന്ന് പിടികൂടിയത്. വെള്ളിയാഴ്‌ച രാത്രി തൃശൂർ കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് സമീപമുള്ള സ്വകാര്യ ഹോട്ടലിന് മുൻവശത്ത് വിൽപ്പനയുറപ്പിച്ചവരെ കാത്ത് നിൽക്കുന്നതിനിടയിലായിരുന്നു പ്രതികളുടെ അറസ്റ്റ്.
ALSO READ:മദ്യപിച്ച് ലക്കുകെട്ട് വീട്ടിൽ അതിക്രമിച്ചു കയറി; മുന്‍ എം.പിയ്‌ക്ക് മര്‍ദനം
തിമിംഗല ഛർദി വിൽപ്പന നടക്കുന്നുണ്ടെന്ന ഷാഡോ പൊലീസിന് ലഭിച്ച വിവരത്തെ തുടർന്നായിരുന്നു അന്വേഷണം. കിലോഗ്രാമിന് ഒരു കോടി നിരക്കിലായിരുന്നു വിൽപ്പന ഉറപ്പിച്ചിരുന്നത്. നേരത്തെ വിപണിയിൽ 30 കോടി വിലമതിക്കുന്ന തിമിംഗല ഛർദിയുമായി തൃശൂരില്‍ മൂന്നുപേരെ പിടികൂടിയിരുന്നു.
ഇക്കഴിഞ്ഞ ജൂലൈയിൽ ചാവക്കാട് ചേറ്റുവയിൽ നിന്നും വനം വിജിലൻസാണ് പിടികൂടിയത്. സുഗന്ധലേപന ഗന്ധം ഏറെ നേരം നിലനിൽക്കുമെന്നതിനാല്‍ അവയുടെ നിർമാണത്തിനാണ് പ്രധാനമായും തിമിംഗല ഛർദി ഉപയോഗിക്കുന്നത്.