തൃശൂർ : മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂരിലേക്ക് കാണിക്കയായി സമർപ്പിച്ച ഥാറിൻ്റെ ലേലം അമൽ മുഹമ്മദ് അലിക്ക് തന്നെ ഉറപ്പിച്ച് ഗുരുവായൂർ ക്ഷേത്രഭരണസമിതി. ദേവസ്വം കമ്മിഷണറുടെ കൂടി അനുമതി ലഭിക്കുന്നതോടെ മുഴുവൻ തുകയും അടച്ച് അമലിന് വാഹനം കൊണ്ടുപോകാം.
സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായിരുന്ന ഥാർ ഗുരുവായൂർ ദേവസ്വം ലേലത്തിന് വച്ചപ്പോൾ എറണാകുളം സ്വദേശിയായ അമൽ മുഹമ്മദ് അലിയുടെ പ്രതിനിധി മാത്രമാണ് പങ്കെടുത്തത്. ദേവസ്വം 15 ലക്ഷം രൂപ അടിസ്ഥാന വില നിശ്ചയിച്ചിരുന്ന വാഹനത്തിന് ഇയാൾ 1510000 രൂപ വിളിച്ചു. മറ്റാരും പങ്കെടുക്കാതിരുന്നതിനാൽ ലേലം അമലിന് ഉറപ്പിക്കുകയായിരുന്നു.
READ MORE: 'ഗുരുവായൂരപ്പനുള്ള ഥാറി'ന്‍റെ ലേലത്തിൽ തർക്കം ; വിളിച്ചത് താത്‌കാലികമെന്ന് ബോര്‍ഡ്, അംഗീകരിക്കാനാകില്ലെന്ന് അമല്‍ മുഹമ്മദ്
ഇതിനിടെ 21 ലക്ഷം രൂപ വരെ വിളിക്കാൻ തയാറായാണ് താൻ എത്തിയതെന്ന് അമലിന്‍റെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. ഇതോടെയാണ് ദേവസ്വം ആശയക്കുഴപ്പത്തിലായത്. ഇത്രയും അധികം തുക ലഭിക്കുമായിരുന്നിട്ടും ഒരാളെ മാത്രം പങ്കെടുപ്പിച്ച് ലേലം നടത്തിയത് ഭരണസമിതി അംഗങ്ങൾക്കിടയിൽ തന്നെ വിമർശനത്തിന് ഇടയാക്കി. പിന്നാലെ ദേവസ്വം ഭരണ സമിതി യോഗത്തിന് ശേഷമേ ലേലം ഉറപ്പിക്കാനാകൂ എന്ന് ചെയർമാൻ കെ.ബി മോഹൻദാസ് ചൂണ്ടിക്കാട്ടി.
ഇതിനെതിരെ അമൽ മുഹമ്മദ് അലിയും രംഗത്ത് എത്തി. വാഹനം വിട്ടുകിട്ടിയില്ലെങ്കിൽ സാധ്യമായ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഇദ്ദേഹം അറിയിച്ചു. തുടർന്ന് ചൊവ്വാഴ്ച്ച നടന്ന ഭരണ സമിതി യോഗത്തിൽ ഥാറിന് 21 ലക്ഷം രൂപ നൽകാൻ സാധിക്കുമോ എന്ന് അധികൃതർ അമലിന്‍റെ പ്രതിനിധിയോട് ചോദിച്ചു.
അമൽ ഇതിന് തയ്യാറല്ലെന്ന് അറിയിച്ചതോടെ നേരത്തെ വിളിച്ച തുകയ്ക്ക് ലേലം ഉറപ്പിക്കാൻ യോഗത്തിൽ ഐക്യകണ്ഠേന തീരുമാനിക്കുകയായിരുന്നു. ഈ മാസം നാലിനാണ് മഹീന്ദ്ര ഗ്രൂപ്പ് ഗുരുവായൂരിലേക്ക് അവരുടെ ഏറ്റവും പുതിയ ഥാർ വഴിപാടായി സമർപ്പിച്ചത്.