തൃശൂര്‍: ആളൂര്‍ പീഡനക്കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കുന്നതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കേസന്വേഷണം സംബന്ധിച്ച വിശദാംശങ്ങൾ മുദ്ര വച്ച കവറിൽ കോടതിയ്ക്ക് കൈമാറി. എന്നാൽ അന്വേഷണം ശരിയായ രീതിയിൽ നടക്കുന്നില്ലെന്ന് ഇരയായ പരാതിക്കാരി ആരോപണമുന്നയിച്ചു.
കേസ് തിങ്കളാഴ്ച പരിഗണിക്കും
പ്രതി വലിയ സ്വാധീനമുള്ള വ്യക്തിയാണ്. പൊലീസ് ശാസ്ത്രീയ തെളിവുകൾ പോലും ശേഖരിച്ചില്ലന്ന് പരാതിക്കാരി കോടതിയുടെ ശ്രദ്ധയിൽപെടുത്തി. കേസ് തിങ്കളാഴ്ച പരിഗണിക്കാനായി മാറ്റി. ഇരയായ പെൺകുട്ടിയാണ് കേസ് അന്വേഷണം ശരിയായ ദിശയിലല്ലെന്ന് ആരോപിച്ച് ഹൈക്കോടതിയെ സമീപിച്ചത്.
ചാലക്കുടി മുരിങ്ങൂർ സ്വദേശി ചുങ്കത്ത് ജോൺസൺ എന്നയാളാണ് പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്‌തതെന്ന് ഒളിമ്പ്യൻ മയൂഖ ജോണി ആരോപിച്ചിരുന്നു. സാമ്പത്തിക പിൻബലവും രാഷ്‌ട്രീയ സ്വാധീനവുമുള്ള പ്രതിയുടെ ഇടപെടൽ കാരണമാണ് അന്വേഷണവും തുടർ നടപടികളും ഉണ്ടാകാത്തത്.
വീട്ടിൽ കയറി ബലാത്സംഗം, പിന്നീട് ഭീഷണി...
2016 ജൂലായ് മാസം വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പെൺകുട്ടിയെ വീട്ടിൽ കയറി ബലാത്സംഗം ചെയ്യുകയും നഗ്ന വീഡിയോ ചിത്രീകരിക്കുകയുമായിരുന്നു. പിന്നീട് ഇതിന്‍റെ പേരിൽ ഭീഷണിപ്പെടുത്തി പരാതി നൽകുന്നതിൽ നിന്നും പിന്തിരിപ്പിച്ചുവെന്നും ആരോപണം ഉന്നയിച്ചിരുന്നു.
അവിവാഹിതയായ പെൺകുട്ടി തന്‍റെ ഭാവിയെക്കുറിച്ചുള്ള ആശങ്കയിൽ പരാതിപ്പെട്ടിരുന്നില്ല. കൗൺസിലിങ്ങിലൂടെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരുന്ന സാഹചര്യത്തിലാണ് കഴിഞ്ഞ വർഷമവസാനം വീണ്ടും ഭീഷണിയുമായി പ്രതി രംഗത്തെത്തിയത്.
'ഇടപെടല്‍ നീതി ഉറപ്പാക്കാന്‍ '
ഈയൊരു സാഹചര്യത്തിലാണ് ഇരയായ പെൺകുട്ടിയ്ക്ക് നീതി ഉറപ്പാക്കാൻ താൻ രംഗത്തെത്തിയതെന്നാണ് ഒളിമ്പ്യൻ മയൂഖ ജോണി വ്യക്തമാക്കിയത്. തൃശൂർ എസ്.പി ജി പൂങ്കുഴലി ഉൾപ്പടെയുള്ളവർ കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നും മയൂഖ ജോണി ആരോപിച്ചിരുന്നു.
ALSO READ:ആളൂർ പീഡനം : എസ്.പി പൂങ്കുഴലിയടക്കം പ്രതിയെ സംരക്ഷിക്കുന്നുവെന്ന് ഒളിമ്പ്യൻ മയൂഖ ജോണി