തൃശൂർ: തൃപ്രയാറില്‍ പലചരക്ക് കട കുത്തി തുറന്ന് നാല് ലക്ഷം രൂപ കവർന്ന ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റില്‍. ആസം സ്വദേശികളായ ജഹാങ്കിർ ആലം, ഐനുല്‍ ഹക്കിം എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് തൃപ്രയാർ സെന്‍ററില്‍ പ്രവർത്തിക്കുന്ന കെ.എ ട്രെഡേഴ്‌സില്‍ മോഷം നടന്നത്. കടയിലെ മേശയ്ക്കുള്ളില്‍ സൂക്ഷിച്ചിരുന്ന നാല് ലക്ഷം രൂപയാണ് മോഷണം പോയത്. കടക്ക് പിറകിലെ എക്‌സ്ഹോസ്റ്റ് ഫാൻ ഇളക്കി മാറ്റിയാണ് മോഷ്ടാക്കൾ അകത്തു കടന്നത്. കടയിലെ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ പ്രതികൾക്കായി വലപ്പാട് പൊലീസ് തെരച്ചില്‍ നടത്തുന്നതിനിടെയാണ് ഇവർ പിടിയിലായത്.
പലചരക്ക് കടയില്‍ മോഷണം നടത്തിയ പ്രതികൾ പിടിയില്‍ - robbery at trissur
ആസം സ്വദേശികളായ ജഹാങ്കിർ ആലം, ഐനുല്‍ ഹക്കിം എന്നിവരാണ് പിടിയിലായത്.
വലപ്പാട് ആനവിഴുങ്ങിയിൽ കാർ വാഷ് സ്ഥാപനത്തിലെ തൊഴിലാളികളാണ് ഇരുവരും. പ്രതികൾ വാടകയ്ക്ക് താമസിക്കുന്ന സ്ഥലത്ത് വെച്ച് മോഷ്ടിച്ച പണം പങ്കുവയ്ക്കുന്നത് സംബന്ധിച്ച് തർക്കമുണ്ടായി. പണം അടങ്ങിയ ബാഗുമായി ജഹാങ്കിർ ഓടി രക്ഷപ്പെട്ടു. തുടർന്ന് ആനവിഴുങ്ങി കോളനി പരിസരത്തെ ആൾ താമസമില്ലാത്ത വീടിന് സമീപം ഇയാൾ ഒളിച്ചിരുന്നു. പരിസരവാസികൾ കണ്ട് ബഹളം വച്ചതോടെ മരത്തിന് മുകളില്‍ കയറിയിരുന്ന ജഹാങ്കീറിനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാളെ അന്വേഷിച്ചെത്തിയ ഐനുൽ ഹക്കിമിനെയും പൊലീസിന് കൈമാറി. പ്രതികൾ പൊലീസിനോട് കുറ്റം സമ്മതിച്ചു. ഇവരുടെ ബാഗിൽ നിന്നും രണ്ട് ലക്ഷത്തി അറുപതിനായിരം രൂപയും കണ്ടെടുത്തു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇന്ന് കോടതിയിൽ ഹാജരാക്കും.