എ സി മൊയ്‌തീന്‍ എംഎൽഎയുടെ വീട്ടിൽ റെയ്‌ഡ് തൃശൂർ :മുന്‍ മന്ത്രിയും സി പി എം നേതാവുമായ എ സി മൊയ്‌തീന്‍ എംഎൽഎയുടെ (AC Moideen MLA) ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചു. തൃശൂര്‍ വടക്കാഞ്ചേരി തെക്കുംകരയിലെ അദ്ദേഹത്തിന്‍റെ വീട്ടിൽ ഇന്നലെ രാവിലെ ഏഴരയോടെ ആരംഭിച്ച പരിശോധന 22 മണിക്കൂറിന് ശേഷം ഇന്ന് പുലര്‍ച്ചെ 5.30ഓടെയാണ് അവസാനിച്ചത്. തുടർന്ന് എന്‍ഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് (Enforcement Directorate) ഉദ്യോഗസ്ഥര്‍ ഇന്ന് രാവിലെ വീട്ടിൽ നിന്നും മടങ്ങി.
ഇതിനുപിന്നാലെയാണ് എംഎൽഎയുടെ 30 ലക്ഷം രൂപയുടെ എഫ് ഡി അക്കൗണ്ട് ഇ ഡി മരവിപ്പിച്ചത് (FD Account Frozen). മൊയ്‌തീനൊപ്പം ബിനാമികളെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ അക്കൗണ്ടുകളും മരവിപ്പിച്ചതായാണ് വിവരം. കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ (karuvannur cooperative bank fraud case) മൊയ്‌തീന് ബന്ധമുണ്ടെന്ന നിഗമനത്തിലാണ് എംഎൽഎയുടേയും ബിനാമികളെന്ന് സംശയിക്കുന്ന മൂന്ന് പേരുടെയും വീടുകളിൽ ഇ ഡി പരിശോധന (ED Raid) നടത്തിയത് (AC Moideen MLA's Bank Account Frozen).
ചോദ്യം ചെയ്യലിനായി നോട്ടിസ് നൽകി വിളിച്ചുവരുത്തും :സ്വത്തുമായി ബന്ധപ്പെട്ട് നിർണായക രേഖകൾ വീട്ടിൽ നിന്നും ഇ ഡിക്ക് ലഭിച്ചതായാണ് സൂചന. കൂടുതൽ ചോദ്യം ചെയ്യലിനായി എംഎൽഎയെ നോട്ടിസ് നൽകി വിളിച്ചു വരുത്തുമെന്നാണ് ഇ ഡി നൽകുന്ന വിവരം. ഇക്കാര്യത്തില്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തുവിട്ടിട്ടില്ല.
ഇഡിയുടെ കൊച്ചി ഓഫിസില്‍ നിന്നുള്ള 12 പേരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം ഇന്നലെ രാവിലെ ഏഴരയോടെയാണ് എ.സി മൊയ്‌തീൻ എംഎല്‍എയുടെ വീട്ടിലെത്തിയത്. ഉദ്യോഗസ്ഥര്‍ എത്തുമ്പോള്‍ എ.സി മൊയ്‌തീൻ വീട്ടിലുണ്ടായിരുന്നു. കേന്ദ്ര സേനയിലെ സായുധ ഉദ്യോഗസ്ഥർക്കൊപ്പമാണ് മൂന്ന് കാറുകളിലായി ഇഡി ഉദ്യോഗസ്ഥര്‍ എത്തിയത്.
റെയ്‌ഡ് പരാതിയുടേയും മൊഴിയുടേയും അടിസ്ഥാനത്തിൽ : കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലെ പരാതിക്കാരൻ സുരേഷ്, പ്രതികളായ ബിജു കരീം, ജിൽസ് എന്നിവരുടെയുള്‍പ്പടെയുളള മൊഴികളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്‌ഡെന്നാണ് സൂചന. തട്ടിപ്പിനെക്കുറിച്ച് അന്നത്തെ പാർട്ടി ജില്ല നേതൃത്വത്തിന് സുരേഷ് പരാതി നൽകിയിരുന്നു. ഈ പരാതി നിലനിൽക്കെ ബിജു, ജിൽസ്, ബിജുവിന്‍റെ സഹോദരി ഭർത്താവ് എന്നിവരുടെ സൂപ്പർ മാർക്കറ്റ് ഉദ്ഘാടനത്തിന് എസി മൊയ്‌തീൻ എം എൽ എ എത്തിയിരുന്നു.
Also Read :ED Raid At AC Moideen's Home : കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് : മുന്‍ മന്ത്രി എ.സി മൊയ്‌തീന്‍റെ വീട്ടില്‍ ഇഡി റെയ്‌ഡ്
അതേസമയം ഏത് അന്വേഷണത്തോടും ഇനിയും സഹകരിക്കുമെന്ന് റെയ്‌ഡിന് ശേഷം മൊയ്‌തീൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ആർക്കോ വേണ്ടി ചെയ്യുന്നത് പോലെയാണ് ചിലർ കള്ള പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ മൊയ്‌തീന്‍റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് - ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്‍റെ കുന്നംകുളത്തെ ഓഫിസിലേയ്‌ക്കും വീട്ടിലേക്കും മാര്‍ച്ച് നടത്തി.