തൃശൂര്‍:യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി വാഹനവും പണവും കവര്‍ന്ന കേസില്‍ ഒളിവില്‍ പോയ മൂന്നു പ്രതികള്‍ കൂടി പിടിയില്‍. തൃശൂര്‍ നെല്ലിക്കുന്ന് സ്വദേശികളായ റിജാസ്, അജ്‌മൽ മുഹമ്മദ്, കൃഷ്‌ണപുരം സ്വദേശി തബ്ഷീർ എന്നിവരാണ് മണ്ണുത്തി പൊലീസിന്‍റെ പിടിയിലായത്. മണ്ണുത്തി നെല്ലിക്കുന്ന് സ്വദേശിയായ യുവാവിനെയാണ് തട്ടികൊണ്ടുപോയി കാറും പണവും കവര്‍ന്നത്.
യുവാവിനെ ബന്ദിയാക്കി കാറും പണവും കവര്‍ന്ന കേസ്; മൂന്നുപേര്‍ കൂടി പിടിയില്‍ - മണ്ണുത്തി
ഈ വര്‍ഷം മെയ് മാസമാണ്, തൃശൂരില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ബന്ദിയാക്കി കാറും പണവും കവര്‍ന്ന സംഭവമുണ്ടായത്
കേസില്‍ അഞ്ച് പ്രതികളെ നേരത്തെ അറസ്റ്റുചെയ്‌തിരുന്നു. ഇക്കഴിഞ്ഞ മെയ് അഞ്ചിനായിരുന്നു സംഭവം. പത്ത് പേർ ചേർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി കത്തി, ഇരുമ്പുവടി തുടങ്ങിയ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പ്രതികളിൽ ഒരാളുടെ അക്കൗണ്ടിലേക്ക് 50,000 രൂപ ട്രാൻസ്‌ഫര്‍ ചെയ്യിപ്പിച്ചു.
പിന്നീട്, യുവാവിന്‍റെ കൈവശമുണ്ടായിരുന്ന കാറും, ടെമ്പോ ട്രാവലറിന്‍റെ ആര്‍സി ബുക്കും കൈവശപ്പെടുത്തി. ഇതിനുശേഷം പ്രതികൾ ഒളിവിൽ പോവുകയായിരുന്നു. മൂന്നുപേരെ കൂടി അറസ്റ്റുചെയ്‌തതോടെ ഇതുവരെ പിടിയിലായവരുടെ എണ്ണം എട്ടായി. മണ്ണുത്തി ഇൻസ്പെക്‌ടര്‍ ഷുക്കൂറിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്‌തു.