തൃശൂര്‍: ഒൻപത് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു. ഏഴ് പേർക്കാണ് ജില്ലയിൽ ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ നാല് പേർ ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ജീവനക്കാരാണ്. രണ്ട് നഴ്‌സ്‌മാര്‍ക്കും മറ്റ് രണ്ട് ജീവനക്കാർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ആദ്യമായി ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ ഒപി നിർത്തിവച്ചിരുന്നു. വീണ്ടും രോഗം റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ആശുപത്രി അടച്ചിടാൻ ജില്ലാ ഭരണകൂടം തീരുമാനമെടുത്തത്.
ഒൻപത് ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ്; അതീവ ജാഗ്രതയിൽ തൃശ്ശൂർ ജില്ല - latest covid 19
ആശുപത്രിയിലെ 161 ജീവനക്കാരിൽ ഒൻപത് പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു
ജില്ലയിൽ പുതുതായി മൂന്ന് കണ്ടെയ്ൻമെന്‍റ് സോണുകൾ കൂടി പ്രഖ്യാപിച്ചു. ഇതോടെ ജില്ലയിൽ ആകെ കണ്ടെയ്ൻമെന്‍റ് സോണുകൾ 13 ആയി. അളഗപ്പനഗർ പഞ്ചായത്തിലെ 3, 4 വാർഡുകൾ, വെള്ളാങ്കല്ലൂർ പഞ്ചായത്തിലെ 14,15 വാർഡുകൾ, തോളൂർ പഞ്ചായത്തിലെ വാർഡ് 12 എന്നിവയാണ് പുതിയ സോണുകൾ. വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്, ഏങ്ങണ്ടിയൂർ ഗ്രാമപഞ്ചായത്ത്, ചാവക്കാട് നഗരസഭ, തൃശൂർ കോർപറേഷനിലെ 24 മുതൽ 34 വരെയുള്ള ഡിവിഷനുകളും 41ാം ഡിവിഷനും ഉൾപ്പെട്ട പ്രദേശം, വടക്കേകാട്, അടാട്ട്, അവണൂർ, ചേർപ്പ്, തൃക്കൂർ ഗ്രാമപഞ്ചായത്തുകൾ, ഇരിങ്ങാലക്കുട നഗരസഭയുടെ ഒന്നു മുതൽ പത്ത് വരെയും 32 മുതൽ 41 വരെയുമുളള വാർഡുകൾ എന്നിവയും കണ്ടൈൻമെന്‍റ് സോണുകളായി നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.
കൊവിഡ് സ്ഥിരീകരിച്ച 143 പേരാണ് ജില്ലയിലെ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. രോഗം സ്ഥിരീകരിച്ച തൃശൂർ സ്വദേശികളായ ഒൻപത് പേർ മറ്റ് ജില്ലകളിലെ ആശുപത്രികളിലുണ്ട്. വീടുകളിൽ 12401 പേരും ആശുപത്രികളിൽ 193 പേരും ഉൾപ്പെടെ ആകെ 12594 പേരാണ് തൃശൂർ ജില്ലയിൽ കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നത്.