തൃശൂർ:നെടുപുഴ പൊലീസ് സ്റ്റേഷൻ പരിധിയിലെ ചിയ്യാരത്തു നിന്നും 221 കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ മുഖ്യസൂത്രധാരൻ പിടിയിൽ. കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്നതിൽ മുഖ്യകണ്ണിയായി പ്രവർത്തിക്കുന്ന സാജൻ തോമസ്, ഈ കേസിൽ കഞ്ചാവ് വാങ്ങുന്നതിന് ധനസഹായം ചെയ്‌ത കുന്നംകുളം പോർകുളം സ്വദേശി ലിസൻ എന്നിവരെയാണ് നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ ദിലീപിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്‌തത്. സാജൻ തോമസ് കഴിഞ്ഞ 20 വർഷമായി ഒഡിഷയിലാണ് താമസം.
ഇക്കഴിഞ്ഞ മെയ് മാസം അഞ്ചാം തീയതിയാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. 221 കിലോഗ്രാം കഞ്ചാവുമായി നാലംഗ സംഘത്തെയാണ് നെടുപുഴ പൊലീസ് പിടികൂടിയത്. ഒഡിഷയിൽ അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പൊലീസ് പിടികൂടിയത്. ഇതിന് കേരളത്തിൽ ഏതാണ്ട് 30-40 ലക്ഷം രൂപയാണ് പ്രതികൾ ഈടാക്കുന്നതെന്ന് പൊലീസ് പറയുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ മുഖ്യ കണ്ണിയടക്കം പിടിയിലായത്. കഞ്ചാവിന്‍റെ ഉറവിടം സംബന്ധിച്ച് പൊലീസ് നടത്തിയ വിശദവും ശാസ്‌ത്രീയവുമായ അന്വേഷണത്തില്‍ എറണാകുളം ജില്ലയിലെ കുട്ടമംഗലം വില്ലേജിലെ പുൽപ്പറമ്പിൽ സാജൻ തോമസ് (42) എന്നയാളാണ് കേരളത്തിലേക്ക് ഒഡിഷയിൽ നിന്നും കഞ്ചാവ് കടത്തുന്നതിന് ചുക്കാൻ പിടിക്കുന്നത് എന്ന് മനസിലായത്.
തുടർന്ന് തൃശൂർ സിറ്റി പൊലീസ് മേധാവി അംഗിത് അശോകന്‍റെ നേതൃത്വത്തിൽ നെടുപുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്‌ടർ ടി ജി ദിലീപ്, ഡാൻസാഫ് അംഗങ്ങളായ സുവൃത കുമാർ, ജീവൻ കുമാർ, നെടുപുഴ പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ സന്തോഷ് കുമാർ, ബാബു, സിവിൽ പൊലീസ് ഓഫിസർ പ്രവീൺ എന്നിവരടങ്ങിയ സംഘം ഒഡിഷയിലെ ഗഞ്ചാം ജില്ലയിലെ ബ്രഹ്മപൂർ എന്ന സ്ഥലത്ത് താമസിച്ചുവന്നിരുന്ന പ്രതിയെ പാലക്കാട് നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.