തൃശൂർ:തൃശൂര്‍ ഗവൺമെന്‍റ് മെഡിക്കല്‍ കോളജിലെ 15 ഡോക്‌ടര്‍മാര്‍ കൊവിഡ് നോഡല്‍ ഓഫിസര്‍ സ്ഥാനം രാജിവെച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഡോ.അരുണയ്‌ക്കെതിരെയുള്ള നടപടിയില്‍ പ്രതിഷേധിച്ചാണ് രാജി. തിരുവനന്തപുരം ഗവൺമെന്‍റ് മെഡിക്കൽ കോളജിൽ കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവത്തിൽ നോഡൽ ഓഫിസറേയും രണ്ട് ഹെഡ് നഴ്‌സുമാരെയും സർക്കാർ സസ്‌പെന്‍റ് ചെയ്‌തിരുന്നു.
തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്‌ടര്‍മാര്‍ കൊവിഡ് നോഡല്‍ ഓഫിസര്‍ സ്ഥാനം രാജിവെച്ചു
തിരുവനന്തപുരം മെഡിക്കല്‍ കോളജിൽ കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവത്തിൽ നോഡൽ ഓഫിസറേയും രണ്ട് ഹെഡ് നഴ്‌സുമാരെയും സസ്‌പെന്‍റ് ചെയ്‌തതിൽ പ്രതിഷേധിച്ചാണ് 15 കൊവിഡ് നോഡൽ ഓഫിസർമാർ പ്രിൻസിപ്പലിന് രാജിക്കത്ത് നൽകിയത്.
മെഡിക്കൽ കോളജുകളിൽ രോഗികൾക്ക് കൂട്ടിരിപ്പുകാരെ അനുവദിക്കാൻ പറ്റാത്ത സാഹചര്യവും അധ്യാപക ജോലിയും സിഎഫ്എൽടിസികളിലെ ജോലിയും, ഡോക്‌ടർമാരുടെ ജോലിഭാരം വർധിപ്പിക്കുന്നു. ഈ സാഹചര്യത്തിൽ ഡോക്‌ടർമാർക്കെതിരായ ഏകപക്ഷീയമായ സസ്‌പെൻഷൻ നടപടി പിൻവലിക്കണമെന്നാണ് കേരള ഗവൺമെന്‍റ് മെഡിക്കൽ കോളജ് ടീച്ചേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെടുന്നത്. സസ്‌പെൻഷൻ പിൻവലിക്കാത്തപക്ഷം തിങ്കളാഴ്‌ച മുതൽ ശക്തമായ സമരപരിപാടികളിലേക്ക് കടക്കുമെന്നും കെജിഎംസിടിഎ ഭാരവാഹികൾ തൃശൂരിൽ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കി.