തിരുവനന്തപുരം : സംസ്ഥാനത്ത് മൂന്ന് പേര്‍ക്ക് കൂടി സിക വൈറസ് സ്ഥിരീകരിച്ചു. 46കാരനായ പുരുഷനും ഒരു വയസും 10 മാസവും മാത്രമുള്ള കുഞ്ഞിനും 29 വയസുള്ള ആശുപത്രി ജീവനക്കാരിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
നേരത്തെ സിക വൈറസ് സ്ഥിരീകരിച്ച തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്നും കോയമ്പത്തൂര്‍ ലാബിലേക്ക് അയച്ച സാമ്പിളുകളിലാണ് രോഗ ബാധ കണ്ടെത്തിയത്. ഇതോടെ, സംസ്ഥാനത്ത് സിക വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 18 ആയി.
Also Read:സിക വൈറസിനെ നേരിടാന്‍ ആക്ഷന്‍ പ്ലാനൊരുക്കി ആരോഗ്യ വകുപ്പ്;ഗര്‍ഭിണികളില്‍ പരിശോധന
അതേസമയം രണ്ടാം ഘട്ടമായി അയച്ച 27 സാമ്പിളുകളില്‍ 26 എണ്ണം നെഗറ്റീവ് ആയിട്ടുണ്ട്. മൂന്നാം ഘട്ടത്തില്‍ അയച്ച എട്ട് സാമ്പിളുകളില്‍ മൂന്നെണ്ണമാണ് ഇന്ന് പോസിറ്റീവ് ആയത്.
സിക വൈറസ് കണ്ടെത്തിയ സാഹചര്യം വിലയിരുത്താൻ കേന്ദ്ര സംഘം സംസ്ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്. ആറംഗ സംഘമാണ് തലസ്ഥാനത്തെത്തിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്‌ച നടത്തുന്ന കേന്ദ്ര സംഘം സിക വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ വീട് ഉൾപ്പടെ പ്രദേശങ്ങൾ സന്ദർശിക്കും.
സംസ്ഥാനത്ത് ഇന്നലെയും ഒരാൾക്ക് സിക വൈറസ് സ്ഥിരീകരിച്ചിരുന്നു. തിരുവനന്തപുരം നന്ദൻകോട് സ്വദേശിയിലാണ് ഇന്നലെ വൈറസ് ബാധ കണ്ടെത്തിയത്.