തിരുവനന്തപുരം: താത്‌കാലിക നിയമനത്തിന് പാർട്ടി പ്രവര്‍ത്തകരുടെ ലിസ്റ്റ് ആവശ്യപ്പെട്ട് മേയർ സിപിഎം ജില്ല സെക്രട്ടറിക്ക് കത്തയച്ച സംഭവത്തിൽ പ്രതിഷേധം ശക്തം. ഡെപ്യൂട്ടി മേയറെ കൈയേറ്റം ചെയ്‌തു. നഗരസഭയിലെ യുവമോർച്ച കൗൺസിലർമാരുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിലാണ് ഡെപ്യൂട്ടി മേയർ പി കെ രാജുവിന് നേരെ കൈയേറ്റമുണ്ടായത്.
ഓഫിസിലെത്തിയ രാജുവിനെ പ്രതിഷേധക്കാർ തടഞ്ഞു. ഇതിനിടയിൽ അക്രമിച്ചുവെന്നാണ് ആരോപണം. ഡെപ്യൂട്ടി മേയറുടെ വസ്‌ത്രം പ്രതിഷേധക്കാർ വലിച്ചു കീറി. ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് അദ്ദേഹത്തെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുഡിഎഫ് കൗൺസിലർമാരുടെ നേതൃത്വത്തിലും പ്രതിഷേധം നടന്നു. കോർപറേഷനിലേക്ക് യൂത്ത് കോൺഗ്രസും യുവമോർച്ചയും മാർച്ച് നടത്തി. നഗരസഭ ഓഫിസിനുളളിൽ കടന്ന പ്രതിഷേധക്കാർ മേയറുടെ ചേമ്പറിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു.